Home> World
Advertisement

ഭീകരവാദികളുടെ പറുദീസയാണ് പാക്കിസ്ഥാന്‍

ലോക ഭീകരവാദ സംഘങ്ങളുടെ താവളങ്ങളില്‍ സിറിയെ കടത്തി വെട്ടിയിരിക്കുകയാണ് പാക്കിസ്ഥാന്‍. സിറിയയെക്കാള്‍ മൂന്നിരട്ടിയാണ് പാക്കിസ്ഥാനിലെ ഭീകരവാദി സാന്നിധ്യം.

ഭീകരവാദികളുടെ പറുദീസയാണ് പാക്കിസ്ഥാന്‍

ലണ്ടന്‍: മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് പാക്കിസ്ഥാനെന്ന് റിപ്പോര്‍ട്ട്. ഭീകരവാദികളുടെ പറുദീസയാണ് പാക്കിസ്ഥാനെന്ന് ഒന്നുകൂടി ഉറപ്പിക്കുകയാണ് ഈ റിപ്പോര്‍ട്ട്. 

ലോക ഭീകരവാദ സംഘങ്ങളുടെ താവളങ്ങളില്‍ സിറിയെ കടത്തി വെട്ടിയിരിക്കുകയാണ് പാക്കിസ്ഥാന്‍. സിറിയയെക്കാള്‍ മൂന്നിരട്ടിയാണ് പാക്കിസ്ഥാനിലെ ഭീകരവാദി സാന്നിധ്യം. ‘ഹ്യുമാനിറ്റി അറ്റ് റിസ്‌ക്ക്- ഗ്ലോബല്‍ ടെറര്‍ ത്രെറ്റ് ഇന്‍ഡിക്കന്റ്'(ജിടിടിഐ) എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയും സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

താലിബാന്‍, ലഷ്കര്‍ ഇ ത്വയ്ബ എന്നിവയാണ് രാജ്യാന്തര സുരക്ഷയ്ക്ക് ഏറ്റവും ഭീഷണിയുയര്‍ത്തി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍. ഭീകരര്‍ക്ക് താവളമൊരുക്കി ആഗോള സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത് പാക്കിസ്ഥാനാണ്. അപകടകാരികളായ ഭീകവവാദ ഗ്രൂപ്പുകളുടെ താവളങ്ങള്‍ പരിശോധിച്ചാല്‍ അതിലേറെയും പാക്കിസ്ഥാനിലാണെന്ന് മനസിലാക്കാം.

അഫ്ഗാനിസ്ഥാനും ഈ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെയുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ഭീകരവാദികള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടുത്ത ദശാബ്ദത്തില്‍ നേരിടേണ്ടി വരുന്ന സുരക്ഷ ഭീഷണികളെ കുറിച്ചാണ് 80 പേജ് വരുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്. അടുത്ത പത്ത് വര്‍ഷത്തിനിടെ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമുള്ള നയരൂപീകരണം ഏതുതരത്തില്‍ വേണമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 

വിവിധ തരത്തിലുള്ള തീവ്രവാദങ്ങള്‍ വര്‍ധിച്ച് വരികയാണ്. ആയുധങ്ങളുടെ ദുരുപയോഗവും സാമ്പത്തിക പ്രശ്നങ്ങളും മനുഷ്യന്‍റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ലോകത്തിന്റെ വിവിധ കോണുകളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന തീവ്രവാദ സംഘങ്ങളും ഇതേ രീതിയില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത്തരം സംഘങ്ങളുടെ ആയുധ ഉപയോഗം സാമ്പത്തിക മേഖലയിലും വലിയ പ്രശ്ങ്ങളാണ് ഉണ്ടാക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന 200 സംഘങ്ങളെ നിരീക്ഷിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഐഎസ്‌ഐഎസ് ഭീകരര്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നുണ്ടെങ്കിലും അവരുടെ ശക്തി ക്ഷയിക്കുകയാണ്. എന്നാല്‍ നിശബ്ദമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് അല്‍ ഖ്വയ്ദയാണ് ശക്തിപ്രാപിച്ച് വരുന്നത്. ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസ ബിന്‍ ഒസാമയാണ് ഇപ്പോള്‍ അല്‍ ഖ്വയ്ദയുടെ തലവന്‍. ഭീകരതയുടെ രാജകുമാരന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

രഹസ്യാനേഷ്വണ വിഭാഗങ്ങളുടെയും സര്‍ക്കാരുകളുടെയും പിന്തുണ ഭീകരവാദ സംഘങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇത് വലിയ ഗുരുതര പ്രശ്‌നമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. അഫ്ഗാന്‍, സിറിയ, ലിബിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണെന്നും അവ വലിയ നെറ്റ് വര്‍ക്കായി വളരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Read More