ഫ്ലോറിഡ: കമിതാക്കളുടെ ഒളിച്ചു കളി കാമുകന്റെ മരണത്തില്‍ കലാശിച്ചു... ഫ്ലോറിഡയിലാണ് സംഭവം.
സാറ്റ് കളിക്കിടെ സ്യൂട്ട്കേസില്‍ ഒളിച്ച കാമുകനാണ് ശ്വാസം മുട്ടി മരിച്ചത്. സംഭവത്തില്‍ നാല്പത്തി രണ്ടുകാരി സാറാ ബൂണ്‍ അറസ്റ്റിലായി. ജോര്‍ജ് ടോറസ് ജൂനിയറാണ് ശ്വാസം മുട്ടി മരിച്ചത്.
ചൊവ്വാഴ്ച മദ്യപിച്ച ശേഷമാണ് സാറ്റ് കളിക്കാന്‍ കമിതാക്കള്‍ തീരുമാനിച്ചത്. എന്നാല്‍, മദ്യ ലഹരിയില്‍ കമിതാക്കളുടെ തമാശക്കളി കാര്യമായി മാറുകയായിരുന്നു.
സ്യൂട്ട് കേസിനുള്ളില്‍ ഒളിച്ചിരുന്ന ശേഷം വീട്ടില്‍ ഒളിച്ചയാളെ കണ്ടെത്തുകയായിരുന്നു മത്സരം. ഇതിനായി കാമുകനായ ജോര്‍ജ് ടോറസ് ജൂനിയറിനെ സ്യൂട്ട് കേസില്‍ കയറാന്‍ കാമുകി സാറ ബൂണ്‍(42) സഹായിച്ചു. തുടര്‍ന്ന് പെട്ടിയിലായ കാമുകന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച ശേഷം ഇവര്‍ കിടപ്പുമുറിയില്‍ പോയി ഒളിക്കുകയായിരുന്നു. എന്നാല്‍ ഏറെ നേരമായിട്ടും കാമുകനെ കാണാതിരുന്നതിനാലും മദ്യ ലഹരിയിലും സാറ ഉറങ്ങിപ്പോയി. പുലര്‍ച്ചെ മുറിയില്‍ ചെല്ലുമ്പോഴാണ് കാമുകനെ സ്യൂട്ട് കേസില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്.
ഉടനെ സാറ ബൂണ്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് എത്തുകയും ജോര്‍ജ് ഇതിനോടകം മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. ഒളിക്കുന്നതിനിടയില്‍ ജോര്‍ജ് നിലവിളിക്കുന്നതായി കേട്ടിരുന്നുവെന്നും എന്നാല്‍ അത് മത്സരത്തില്‍ കള്ളത്തരം കാണിക്കാന്‍ വേണ്ടിയാവുമെന്ന് കരുതിയെന്നും സാറ പൊലീസിന് മൊഴി നല്കി.
ശ്വാസം മുട്ടിയാണ് ജോര്‍ജിന്റെ മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. രണ്ടാം ഗ്രേഡ് കൊലപാതകക്കുറ്റമാണ് സാറയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. തുറക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ സ്യൂട്ട് കേസ് തലകീഴായി മറിഞ്ഞതാണ് ജോര്‍ജ് പെട്ടിയില്‍ കുടുങ്ങാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്.