Home> World
Advertisement

ബേബി പൗഡറില്‍ ക്യാന്‍സര്‍?

കമ്പനിക്ക് അനുകൂലമായ പഠനങ്ങള്‍ നടത്താനും റിപ്പോര്‍ട്ടുകളെഴുതാനും പണം മുടക്കിയതായും റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു.

ബേബി പൗഡറില്‍ ക്യാന്‍സര്‍?

ന്യൂയോര്‍ക്ക്:  ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ത്ഥത്തിന്‍റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. 

റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഈ വിവരം കമ്പനി വര്‍ഷങ്ങളോളം രഹസ്യമാക്കി വെച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനി പുറത്തിറക്കുന്ന ടാല്‍ക്ക്, ഫിനിഷ്ഡ് പൗഡറുകളില്‍ ആസ്ബസ്റ്റോസ് ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെകണ്ടെത്തിയിരുന്നു. 

എന്നാല്‍ ഇതു രഹസ്യമാക്കി വെച്ചതായും കമ്പനിക്കെതിരെയുള്ള പരിശോധന ഫലങ്ങള്‍ തിരുത്തി പ്രസിദ്ധീകരിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

കമ്പനിക്ക് അനുകൂലമായ പഠനങ്ങള്‍ നടത്താനും റിപ്പോര്‍ട്ടുകളെഴുതാനും പണം മുടക്കിയതായും റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു.  

കോസ്മറ്റിക് ടാല്‍ക്ക് ഉല്‍പ്പന്നങ്ങളിലെ ആസ്ബസ്റ്റോസിന്‍റെ തോതിന് പരിധി നിശ്ചയിക്കുന്നതിന് യുഎസ് ഏജന്‍സികളെ വിജയകരമായി സ്വാധീനിക്കാന്‍ കമ്പനിക്കു കഴിഞ്ഞതായും റോയിട്ടേഴ്സിനു ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. 

 ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാവുന്ന ഘടകം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ നിരവധി സ്ത്രീകള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് റോയിട്ടേഴ്‌സ് അന്വേഷണം നടത്തിയത്. 

തങ്ങളെ ബാധിച്ച ക്യാന്‍സറിന് കാരണമായത് ബേബി പൗഡറാണെന്ന് ആരോപിച്ചാണ് ഇവര്‍ വിവിധ കോടതികളെ സമീപിച്ചത്. ഹര്‍ജികളില്‍ കമ്പനിക്കെതിരെയുള്ള വിധിയും പുറത്തുവന്നിരുന്നു.

അതേസമയം കമ്പനിയുടെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലമുള്ള സുരക്ഷപ്രശ്‌നങ്ങളുമില്ലെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വക്താവ് പ്രതികരിച്ചു.

ലോകത്ത് ലഭ്യമായതില്‍ ഏറ്റവും മികച്ച പരിശോധനകള്‍ നടത്തി നൂറു ശതമാനം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ബേബി പൗഡര്‍ വിപണിയിലെത്തുന്നത്. 

ഇപ്പോഴുള്ള ആരോപണങ്ങള്‍ കമ്പനിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും നിലവിലെ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നുമാണ് കമ്പനി വക്താക്കളുടെ പ്രതികരണം.
 

Read More