ന്യൂഡല്‍ഹി: ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് സൂചന.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലും ത്രിപുരയിലും പ്രതിഷേധം കനത്തതോടെയാണ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കാനുള്ള തീരുമാനവുമായി ജപ്പാന് മുന്നോട്ടു വന്നിരിക്കുന്നത്.
ഞായറാഴ്ച ഗോഹട്ടിയില്‍ നടക്കേണ്ട ഇന്ത്യ-ജപ്പാന് ഉച്ചകോടിയില്‍ പങ്കെടുക്കുക എന്നതായിരുന്നു ഷിന്‍സോ ആബേയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ട. എന്നാല്‍, പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം അസമില്‍ ശക്തമായതിനെ തുടര്‍ന്ന് ഞായറാഴ്ച ആരംഭിക്കേണ്ട ഇന്ത്യ-ജപ്പാന് ഉച്ചകോടി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അതേസമയം, ഉച്ചകോടി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനില്ലെന്ന് മാധ്യമങ്ങളോടായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ചവരെയാണ് ഉച്ചകോടി തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. അതേസമയം, ഉച്ചകോടിയുടെ വേദി സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗോഹട്ടിയില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയായിരുന്നു.
എന്നാല്‍, വേദി മാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇത് വെളിപ്പെടുത്താനാവില്ലെന്നും, കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാവില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍പ്, ബംഗ്ലാദേശ് വിദേശ കാര്യ മന്ത്രിയും, അഭ്യന്തര മന്ത്രിയും പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.