Home> World
Advertisement

ഹൗഡി മോദി: പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി

പാക്കിസ്ഥാന്‍ വിദ്വേഷം വളര്‍ത്തുന്നവരും ഭീകരവാദത്തിന് അഭയം നല്‍കുന്നവരുമാണ്. ഭീകരവാദത്തിനെതിരെ നിര്‍ണായക നടപടിക്ക് സമയമായി.

ഹൗഡി മോദി: പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി

ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം വേദി പങ്കിട്ടതിന് ശേഷം ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ഭീകരവാദത്തിനെതിരെ കടുത്തനിലപാട് എടുക്കേണ്ട സമയമായിയെന്ന്‍ പ്രധാനമന്ത്രി പറഞ്ഞു.

സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ സദസ്സ് മോദിയുടെ വാക്കുകള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. 

പാക്കിസ്ഥാന്‍ വിദ്വേഷം വളര്‍ത്തുന്നവരും ഭീകരവാദത്തിന് അഭയം നല്‍കുന്നവരുമാണ്. ഭീകരവാദത്തിനെതിരെ നിര്‍ണായക നടപടിക്ക് സമയമായി. ട്രംപ് ഈ നിര്‍ണായക നീക്കത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മോദി പറഞ്ഞു.

കശ്മീര്‍ വിഷയവും മോദി ഹൂസ്റ്റണിലെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടെന്നും സ്വന്തം രാജ്യം നേരെ നോക്കാന്‍ കഴിയാത്തവരാണ് കാശ്മീരിന് വേണ്ടി വാദിക്കുന്നതെന്നും മോദി പ്രസംഗത്തില്‍ വ്യക്തമാക്കി.

ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് വികസനം ലഭ്യമാക്കുന്നതിന് തടസ്സമായി നിന്ന ആര്‍ട്ടിക്കിള്‍ 370 നോട് ഇന്ത്യ വിടപറഞ്ഞതായും മോദി പ്രസംഗത്തില്‍ പറഞ്ഞു. 

പ്രസംഗം അവസാനിക്കുന്നതിന് മുന്‍പ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും കുടുംബത്തെയും ഇന്ത്യയിലേയ്ക്ക് ക്ഷണിക്കാനും മോദി മറന്നില്ല. മാത്രമല്ല ട്രംപ് വിശ്വപ്രസിദ്ധനും ജനകീയനുമാണെന്നും മോദി അഭിപ്രായപ്പെട്ടു. 

സമ്മേളനത്തില്‍ ട്രംപിന്‍റെ സാന്നിധ്യം ഇന്ത്യ-അമേരിക്ക ബന്ധത്തിന്‍റെ ആഴത്തിനുള്ള തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൊണാൾഡ് ട്രംപ് ഒരിക്കല്‍ കൂടി അമേരിക്കന്‍ പ്രസിഡന്റ് ആകണമെന്ന്‍ പറഞ്ഞ മോദി 'അടുത്ത തവണയും ട്രംപ്' എന്ന വാചകം ആവര്‍ത്തിച്ചു.

ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. വികസനമാണ് ഇന്ത്യയിലെ ഏറ്റവും വലിയ മന്ത്രം. ഡൊണാൾഡ് ട്രംപിന്‍റെ അഭിനന്ദനങ്ങൾ കഠിനാധ്വാനത്തിനുള്ളതാണെന്നും നേട്ടങ്ങൾ സങ്കൽപങ്ങൾക്കുമപ്പുറമാണെന്നും മോദി വ്യക്തമാക്കി.

വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങു തുടങ്ങിയത്. അരലക്ഷത്തിലേറെ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ‘ഹൗഡി മോദി’ സംഗമം ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തിലാണ് നടന്നത്. 

Read More