Home> World
Advertisement

മകന്‍റെ രക്തമൂറ്റി കളയുന്നൊരമ്മ!!

എല്ലാ ആഴ്ചയും അരലിറ്റര്‍ രക്തം വീതം ഊറ്റുന്ന ഇവര്‍ അത് ബാത്ത്‌റൂമിലെ ക്ലോസറ്റിനകത്തൊഴിച്ച് ഫ്‌ളഷ് ചെയ്യു൦.

 മകന്‍റെ രക്തമൂറ്റി കളയുന്നൊരമ്മ!!

ഡെന്‍മാര്‍ക്ക്: ആറ് വര്‍ഷമായി മകന്‍റെ രക്തമൂറ്റിയിരുന്ന നഴ്സായ യുവതിയെ കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ചു. 

ഡെന്‍മാര്‍ക്കിലെ കോപെന്‍ഹെയ്ഗനില്‍ താമസമാക്കിയിരിക്കുന്ന മുപ്പത്തിയാറുകാരിയെയാണ് കോടതി ശിക്ഷിച്ചത്. 

ആരോഗ്യപ്രശ്‌നങ്ങളുള്ള മകനെ പരിചരിച്ചിരുന്നതും ചികിത്സയ്ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നതുമെല്ലാം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന യുവതി തന്നെയായിരുന്നു. 

ശരീരത്തില്‍ ആവശ്യമായത്ര രക്തമില്ല എന്നതായിരുന്നു ഏഴുവയസ്സുകാരനായ കുട്ടി നേരിട്ടിരുന്ന പ്രധാന ആരോഗ്യപ്രശ്‌നം.

ഇതിനോടകം 110 തവണ കുട്ടിയിലേക്ക് രക്തം കയറ്റിയെങ്കിലും ഇത്തരമൊരു അവസ്ഥയുണ്ടാകാന്‍ കാരണമെന്തെന്ന് മാത്രം ഡോക്ടര്‍മാര്‍ക്ക് കണ്ടുപിടിക്കാനായിരുന്നില്ല. 

ശാരീരികമായ കാരണങ്ങളൊന്നും ഇതിന് പിന്നിലില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെയാണ് അമ്മയിലേക്ക് ഡോക്ടര്‍മാരുടെ സംശയം നീങ്ങിയത്. 

അങ്ങനെയിരിക്കെ ഒരു ദിവസമാണ് ബാഗ് നിറയെ രക്തവുമായി അവര്‍ പിടിക്കപ്പെട്ടത്. ചോദ്യ൦ചെയ്യലില്‍ കുഞ്ഞിന് 11 മാസം പ്രായമുള്ളപ്പോള്‍ മുതല്‍  രക്തം ഊറ്റിത്തുടങ്ങിയതാണെന്ന് ഇവര്‍ വ്യക്തമാക്കി. 

എല്ലാ ആഴ്ചയും അരലിറ്റര്‍ രക്തം വീതം ഊറ്റുന്ന ഇവര്‍ അത് ബാത്ത്‌റൂമിലെ ക്ലോസറ്റിനകത്തൊഴിച്ച് ഫ്‌ളഷ് ചെയ്യുകയും സിറിഞ്ചുകളും സൂചികളുമെല്ലാം മാലിന്യങ്ങള്‍ കളയുന്നതിനൊപ്പ൦ കളയുകയും ചെയ്യും.  

എന്തുകൊണ്ടാണ് ഇത് ചെയ്തത് എന്ന് ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കാന്‍ അവര്‍ക്കായില്ല എന്നതാണ് ശ്രദ്ധേയം. 

താനങ്ങനെ തീരുമാനിച്ച് ചെയ്തതല്ലെന്നും, ചെയ്യാന്‍ തോന്നി ചെയ്തത് പിന്നെ ശീലമാകുകയായിരുന്നു എന്നുമാണ് അവര്‍ കോടതിയില്‍ പറഞ്ഞത്. 

തുടര്‍ന്ന് നടത്തിയ വിശദപരിശോധനയില്‍ എം.എസ്.പി.ബി (Munchausen syndrome by proxy) എന്ന മനോരോഗമാണ് ഇവര്‍ക്കെന്ന് മനശാസ്ത്രജ്ഞര്‍ കണ്ടെത്തി. 

തന്‍റെ സംരക്ഷണയില്‍ കഴിയുന്നവരെ പല തരത്തില്‍ വേദനിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മാനസികാവസ്ഥയാണിത്. ശ്രദ്ധിച്ചില്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ ജീവന്‍ വരെ അപകടത്തിലാകുന്ന അവസ്ഥ. മാനസികപ്രശ്‌നമാണ് ഇവര്‍ക്കെന്നു തെളിഞ്ഞെങ്കിലും കോടതി ഇവരെ തടവിനു ശിക്ഷിക്കുകയായിരുന്നു. 

 

Read More