Home> World
Advertisement

പാരിസ് കാലാവസ്ഥ ഉടമ്പടി കരാറില്‍ നിന്നും യുഎസ് പിന്മാറി

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്‍മാറി. ഉടമ്പടിയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പാരിസ് കാലാവസ്ഥ ഉടമ്പടി കരാറില്‍ നിന്നും യുഎസ് പിന്മാറി

വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്‍മാറി. ഉടമ്പടിയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

കരാര്‍ അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്നതാണെന്നും കരാര്‍ നീതി പുലര്‍ത്തുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഉടമ്പടി ചൈനയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഉടമ്പടിയുടെ ഭാരം അമേരിക്കന്‍ ജനതയുടെ മേലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

താന്‍ പ്രസിഡന്റായാല്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ കരാര്‍ റദ്ദ് ചെയ്യുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് പറഞ്ഞിരുന്നു. ഈ വാഗ്ദാനം പാലിച്ചാണ് ചരിത്രപരമായ ഉടമ്പടിയില്‍ നിന്നു പിന്‍മാറാനുള്ള തീരുമാനം. 

ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കരാറെന്ന് ട്രംപ് ആരോപിച്ചു. കരാര്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ട്രംപിന്‍റെ തീരുമാനത്തിനെതിരേ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ രംഗത്തെത്തി. തീരുമാനം ഭാവിയെ തള്ളിപ്പറയലാണെന്നും ഭാവി തലമുറയെ സംരക്ഷിക്കുന്നതിനുള്ളതാണ് കരാറെന്നും ഒബാമ പറഞ്ഞു.

2015ലാണ് ആഗോളതാപനം തടയാനായി പാരിസ് കരാര്‍ തയാറാക്കിയത്. 195 രാജ്യങ്ങളാണ് ഇതില്‍ ഒപ്പു വച്ചത്. 2025 ആകുമ്പോഴേക്കും രാജ്യങ്ങള്‍ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ നിരക്ക് കുറക്കുകയെന്നാണ് കരാറിന്‍റെ ഉദ്ദേശം. 2016 ഏപ്രില്‍ 22നാണ് ഇന്ത്യ പാരീസ് ഉടമ്പടി അംഗീകരിച്ചത്.

അതേസമയം,ആഗോള താപനത്തിനെതിരായ പ്രവർത്തനങ്ങൾക്കായി ലോകം ഒന്നിച്ചുനിൽക്കെ, കരാറിൽ നിന്നു പിന്മാറ്റം ട്രംപിനെ യൂറോപ്പിൽ കൂടുതൽ അപ്രിയനാക്കും. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനു കാർബൺ നിർഗമനം ലഘൂകരിച്ചു വ്യാവസായിക വിപ്ലവത്തിനു മുൻപുള്ള കാലത്തെ സ്ഥിതിയിലേക്കു തിരിച്ചുകൊണ്ടുവരുമെന്നാണ് പാരിസ് ഉടമ്പടിയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഉടമ്പടിയിൽ തങ്ങൾ ഉറച്ചു നിൽക്കുമെന്നു ട്രംപിന്റെ പ്രഖ്യാപനം വരും മുൻപു തന്നെ ചൈന വ്യക്തമാക്കി.

Read More