Home> World
Advertisement

കൊറോണ: ചൈനയില്‍ മരണസംഖ്യ 908 കവിഞ്ഞു

ഇന്നലെ മാത്രം ചൈനയില്‍ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 89 ആണ്. മരിച്ചവരില്‍ കൂടുതല്‍ പേരും വൈറസിന്‍റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.

കൊറോണ: ചൈനയില്‍ മരണസംഖ്യ 908 കവിഞ്ഞു

ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ 908 കടന്നു. 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ല. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 40000 കടന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ഇന്നലെ മാത്രം ചൈനയില്‍ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 89 ആണ്.  മരിച്ചവരില്‍ കൂടുതല്‍ പേരും വൈറസിന്‍റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.

വുഹാനിലും ഹുബൈയിലും സ്ഥിതി അതിഗുരുതമാണെന്നും രോഗബാധിതരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടായേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ മിഖായേല്‍ റയാന്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും ചൈനീസ് ദേശീയ ആരോഗ്യകമ്മിഷന്‍ അറിയിച്ചു.  കൂടാതെ 2649 പേര്‍ രോഗ വിമുക്തരായിട്ടുണ്ട്.

വൈറസ് ബാധ നേരിടാന്‍ 4300 കോടി ഡോളര്‍ അതായത് ഏകദേശം മൂന്നുലക്ഷം കോടി രൂപ വീണ്ടും അനുവദിക്കുമെന്ന് ചൈനീസ് കേന്ദ്രബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയില്‍ ചൈനയ്ക്ക് പുറത്ത് ബ്രിട്ടനിലും സ്‌പെയിനിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  കൂടാതെ സിംഗപ്പൂരില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് ജാഗ്രത ഇപ്പോഴും തുടരുകയാണ്. 40 പേര്‍ക്കാണ് സിംഗപ്പൂരില്‍ വൈറസ് ബാധ ഏറ്റിരിക്കുന്നത്.

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടിയുടെ ഏറ്റവും പുതിയ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗ ബാധയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കുട്ടിയുടെ രണ്ടാമത്തെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

ഇതിനിടയില്‍ കൊറോണ വൈറസ് ബാധ തടയുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ചൈന കുറ്റസമ്മതം നടത്തിയിരുന്നു. വൈറസ് വ്യാപനം തടയുന്നതില്‍ വീഴ്ചയുണ്ടായെന്നും രാജ്യത്തെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ചൈന വ്യക്തമാക്കി.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‍ ചൈനയില്‍ ഗതാഗതം, ടൂറിസം, ഹോട്ടലുകള്‍, തിയേറ്ററുകള്‍, വിനോദ സഞ്ചാര മേഖല തുടങ്ങി ബിസിനസിന്‍റെ മിക്ക മേഖലകളും സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.

കൊറോണ ഭീതി ചൈനയില്‍ തുടരുന്ന സാഹചര്യത്തില്‍ വിവിധ ലോകരാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകളടക്കം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഏറ്റവും ഒടുവിലായി ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചത് സൗദി എയര്‍ലൈന്‍സാണ്.  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടാകില്ലെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

Read More