Home> World
Advertisement

കേംബ്രിഡ്ജ് അനലിറ്റിക്ക പൂട്ടുന്നതായി റിപ്പോര്‍ട്ട്

കമ്പനി പൂട്ടുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും ഫേസ്ബുക്കും അറിയിച്ചു.

കേംബ്രിഡ്ജ് അനലിറ്റിക്ക പൂട്ടുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന്‍ ആരോപണം നേരിട്ട് വിവാദത്തിലായ കമ്പനി, കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കമ്പനി അടച്ചുപൂട്ടുന്നതെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്നലെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. 

ഓണ്‍ലൈന്‍ പരസ്യത്തിന്‍റെ ലോകത്ത് നിയപരവും സ്വീകാര്യവുമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ കമ്പനി കളങ്കപ്പെട്ടെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. അടുത്തിടെയുണ്ടായ ഡേറ്റ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് ഉപഭോക്തൃ അടിത്തറയിലും, വിതരണക്കാരിലും വലിയൊരു വിഭാഗം നഷ്ടപ്പെട്ടെന്നും അതിനാലാണ് അടച്ചുപൂട്ടുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ട്രംപിന്‍റെ വിജയത്തില്‍ സഹായിച്ചുവെന്ന് ആരോപണം നേരിടുന്ന കേംബ്രിഡ്ജ് അനലിറ്റിക ഇന്ത്യയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എട്ട് കോടി എഴുപത് ലക്ഷത്തിലധികം പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ സംഭവത്തില്‍ വിവിധ രാജ്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. എന്നാല്‍ കമ്പനി പൂട്ടുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും ഫേസ്ബുക്കും അറിയിച്ചു.

Read More