Home> Technology
Advertisement

കുട്ടികളുടെ അശ്ലീല വീഡിയോ: പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി

യാഹൂ, ഫെയ്‌സ്ബുക്ക് അയര്‍ലണ്ട്, ഫെയ്‌സ്ബുക്ക് ഇന്ത്യ, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ ഐഎന്‍സി, മൈക്രോസോഫ്റ്റ്, വാട്‌സ്ആപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് കോടതി പിഴ ചുമത്തിയത്.

കുട്ടികളുടെ അശ്ലീല വീഡിയോ: പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോകളും ബലാത്സംഗ വീഡിയോകളും പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാതിരുന്ന പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. യാഹൂ, ഫെയ്‌സ്ബുക്ക് അയര്‍ലണ്ട്, ഫെയ്‌സ്ബുക്ക് ഇന്ത്യ, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ ഐഎന്‍സി, മൈക്രോസോഫ്റ്റ്, വാട്‌സ്ആപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് കോടതി പിഴ ചുമത്തിയത്. ഒരു ലക്ഷം രൂപ വീതമാണ് പിഴ.

അക്രമ സ്വഭാവമുള്ള ലൈംഗിക വീഡിയോകളും കുട്ടികളുടെ അശ്ലീല വീഡിയോകളും പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികളെന്തെല്ലാമെന്ന് വ്യക്തമാക്കി സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 16 ന്  ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ഉദയ് ഉമേഷ് ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ സ്ഥാപനങ്ങളോട് ആവശ്യമുന്നയിച്ചത്.

എന്നാല്‍ ഈ ഉത്തരവിനോട് പ്രതികരിക്കാന്‍ കമ്പനികളാരും തയ്യാറായില്ലെന്നും ആവശ്യപ്പെട്ട ഒരു രേഖയും സമര്‍പ്പിച്ചില്ലെന്നും കോടതി പറഞ്ഞിരുന്നു. ജൂണ്‍ 15നകം കോടതി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണമെന്നും ഒരുലക്ഷം രൂപ പിഴയടക്കണമെന്നുമാണ് കോടതിയുടെ പുതിയ ഉത്തരവ്. 

സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന കുറ്റകരമായ വീഡിയോകളെ കുറിച്ച് സന്നദ്ധ സംഘടനയായ പ്രജ്ജ്വല നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഇതേ കുറിച്ച് അന്വേഷിക്കാന്‍ അഭിഭാഷകയായ അപര്‍ണ ഭട്ടിനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.

കുട്ടികളുടെ അശ്ലീല വീഡിയോകളും ബലാത്സംഗ വീഡിയോകളും പ്രചരിക്കുന്നതിനെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയുള്ള സര്‍ക്കാര്‍ റിപ്പോര്‍ട്ട് അഡീഷണല്‍ സോളിസിറ്റര്‍ മനീന്ദര്‍ സിംഗ് ആണ് കോടതിയില്‍ സമര്‍പ്പിച്ചത്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കാനുള്ള പോര്‍ട്ടല്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, ഈ സംവിധാനം ജൂലായ് 15 ന് മുമ്പ് പ്രവര്‍ത്തനക്ഷമമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read More