Home> Sports
Advertisement

ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി പി.വി സിന്ധു ഫൈനലില്‍

ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലിൽ കടന്നു.

ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി പി.വി സിന്ധു ഫൈനലില്‍
ഗ്ലാസ്ഗോ: ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലിൽ കടന്നു. ലോക ജൂനിയര്‍ ചാംപ്യന്‍ ചൈനയുടെ ചെന്‍ യുഫേയെ നേരിട്ടുള്ള ഗെയിമിനു തകർത്താണ് സിന്ധുവിന്‍റെ ഫൈനല്‍ പ്രവേശനം.  സ്കോർ: 21-13, 21-10. മത്സരത്തിലാകെ ഒരിക്കൽ മാത്രമാണ് യുഫേയ്ക്ക് സിന്ധുവിനേക്കാൾ മുന്നിലെത്താനായത്. ഫൈനലിൽ ജപ്പാന്‍റെ നൊസോമി ഒക്കുഹാരെയെയാണ് സിന്ധു നേരിടുക. 
 
സൈന നെഹ്‌വാളിനു ശേഷം ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു. സിന്ധുവിന്‍റെ മിന്നുന്ന സ്മാഷുകള്‍ക്ക് യൂഫെയിയുടെ കൈയില്‍ മറുപടിയുണ്ടായില്ല. 48 മിനിറ്റ് മാത്രമാണ് ചൈനീസ് താരത്തിന് സിന്ധുവിനു മുന്നിൽ പിടിച്ചു നിൽക്കാനായത്. പോരാട്ടം തുടങ്ങി ഒരു മിനിറ്റ് പിന്നീടും മുൻപ് ആദ്യ ഗെയിമിൽ ആദ്യ പോയിന്‍റ് സ്വന്തമാക്കിയ സിന്ധു പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.  ഒരുവേള രണ്ടാം ഗെയിമിൽ തുടർച്ചയായി ഏഴു പോയിന്‍റുകൾ നേടി (7-0) ചൈനീസ് താരത്തെ ഞെട്ടിക്കാനും സിന്ധുവിനായി.
 
സൈനയാകട്ടെ, ജപ്പാന്‍റെ നസോമി ഒകുഹറയ്ക്കു മുന്നില്‍ കീഴടങ്ങി. ലോക ചാംപ്യന്‍ഷിപ്പില്‍ കന്നിക്കിരീടം ലക്ഷ്യമിടുന്ന സിന്ധു, സൈനയെ തകര്‍ത്തെത്തുന്ന ഒകുഹറയെ കലാശപ്പോരില്‍ നേരിടും. നേരത്തെ, സൈന നെഹ്‌വാൾ തോൽവി ഏറ്റുവാങ്ങിയത് ആരാധകർക്ക് നിരാശ സമ്മാനിച്ചെങ്കിലും സിന്ധു ഫൈനലിലെത്തിയതോടെ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വച്ചു. റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്‍റെ അഭിമാനം കാത്ത സിന്ധുവിന്‍റെ കന്നി ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനമാണിത്. 
Read More