Home> Sports
Advertisement

Lionel Messi: അർജന്റീന ജഴ്‌സിയിൽ അതിവേഗ ഗോളുമായി മെസി; വീഡിയോ കാണാം

Lionel Messi fastest goal vs Aus: ഗോൾ നേടാൻ വെറും 1 മിനിട്ടും 19 സെക്കൻഡും മാത്രമാണ് മെസിയ്ക്ക് വേണ്ടി വന്നത്.

Lionel Messi: അർജന്റീന ജഴ്‌സിയിൽ അതിവേഗ ഗോളുമായി മെസി; വീഡിയോ കാണാം

ചൈനയിലെ ബീജിംഗിൽ നടന്ന സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയയെ തകർത്ത് ലോക ചാമ്പ്യന്മാരായ അർജന്റീന. എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. സൂപ്പർ താരം ലയണൽ മെസിയുടെ തകർപ്പൻ ഗോളായിരുന്നു മത്സരത്തിലെ സവിശേഷത. 

ദേശീയ ടീമിൽ മടങ്ങിയെത്തിയ മത്സരത്തിൽ മെസി ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. വേഗവും കൃത്യതയും ഒത്തിണങ്ങിയ ഷോട്ടുകളും പാസുകളും, പതിവ് ശൈലിയിൽ എതിരാളികളെ വെട്ടിയൊഴിയുന്ന നീക്കങ്ങൾ, 35-ാം വയസിലും ലക്ഷ്യം തെറ്റാതെയുള്ള ഇടംകാലൻ ഷോട്ടുകൾ. അങ്ങനെ മഞ്ഞപ്പടയെ തകർത്ത അർജന്റീനയെ വീണ്ടും മുന്നിൽ നിന്ന് നയിച്ചത് നായകൻ മെസി തന്നെയായിരുന്നു. 

ALSO READ: കേരളത്തിന്റെ കായിക മേഖലയുടെ വളര്‍ച്ച; ക്യൂബയുടെ സഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി

മത്സരം ആരംഭിച്ച് വെറും 1 മിനിട്ടും 19 സെക്കൻഡുമായപ്പോൾ തന്നെ മെസി ഓസീസിന്റെ വല കുലുക്കി. ബോക്‌സിന് പുറത്ത് ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന മെസി പന്ത് കാലിൽ എത്തിയ നിമിഷം തന്നെ ബോക്‌സ് ലക്ഷ്യമാക്കി കുതിച്ചു. ഡിഫൻഡർമാരെ ഞൊടിയിടയിൽ കബളിപ്പിച്ച ശേഷം ഗോൾ വലയുടെ ഇടത്തേ മൂലയിലേയ്ക്ക് ബുള്ളറ്റ് വേഗത്തിൽ ഒരു കിടിലൻ ഷോട്ട്. അർജന്റീനയ്ക്ക് വേണ്ടി മെസി നേടുന്ന ഏറ്റവും വേഗമേറിയ ഗോളായി ഇത് മാറി. ബീജിംഗിലെ വർക്കേഴ്‌സ് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ആരാധകർ മെസിയുടെ വണ്ടർ ഗോൾ കണ്ട് ആവേശത്തിലായി.  

കഴിഞ്ഞ 7 മത്സരങ്ങളിൽ നിന്ന് അർജന്റീനയ്ക്ക് വേണ്ടി മെസി നേടുന്ന 10-ാം ഗോളായിരുന്നു ഇത്. ഈ സീസണിൽ അർജന്റീന ജഴ്‌സിയിൽ മെസി അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ലോകകപ്പ് നേടിയതോടെ സമ്മർദ്ദങ്ങളില്ലാതെ കളിക്കുന്ന മെസിയെയാണ് കളത്തിൽ കാണാനാകുന്നത്. ഈ സീസണിലെ 13 മത്സരങ്ങളിൽ നിന്ന് 5 അസിസ്റ്റുകൾ ഉൾപ്പെടെ 17 ഗോളുകൾ മെസി നേടിയിട്ടുണ്ട്. ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതും മെസിയായിരുന്നു. 

മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയ അർജന്റീനയ്ക്ക് വേണ്ടി 68-ാം മിനിറ്റിൽ ജർമ്മൻ പെസെല്ല രണ്ടാം ഗോൾ നേടിയതോടെ മത്സരം നീലപ്പടയുടെ വരുതിയിലായി. ലോക ഒന്നാം നമ്പർ ടീമായ അർജന്റീന ചാമ്പ്യൻമാരുടെ നിലവാരത്തിലുള്ള കളി തന്നെയാണ് പുറത്തെടുത്തത്. കുറിയ പാസുകളും ത്രൂബോളുകളും കൊണ്ട് കളം നിറഞ്ഞ അർജന്റീന ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിക്കുകയായിരുന്നു.   

അതേസമയം, പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതോടെ മെസി യൂറോപ്യൻ ഫുട്‌ബോൾ വിടാൻ ഒരുങ്ങുകയാണ്. അമേരിക്കയിലെ മേജർ ലീഗ് സോക്കറിലാണ് (എംഎൽഎസ്) ഇനി മെസി കളിക്കുക. പഴയ തട്ടകമായ ബാഴ്സലോണയിലേയ്ക്ക് മെസി തിരികെ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം മെസി ഇന്റർ മിയാമിയിലേയ്ക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ സൗദി ക്ലബ്ബായ അൽ-​ഹിലാലും മെസിയെ സ്വന്തമാക്കാനായി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, അമേരിക്കൻ ലീ​ഗിലേയ്ക്ക് പോകാനായിരുന്നു മെസിയുടെ തീരുമാനം. ഇൻ്റർ മയാമിയ്ക്ക് വേണ്ടി മെസി ബൂട്ടണിയുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More