Home> Sports
Advertisement

ISL 2023-24 : വന്നവനും പോയവനും നിന്നവനമെല്ലാം റെഡ് കാർഡ്...! മുംബൈ സിറ്റി മോഹൻ ബഗാൻ മത്സരത്തിൽ പൊരിഞ്ഞ അടി

ISL 2023-24 Mumbai City FC vs Mohun Bagan : മുംബൈ സിറ്റി എഫ് സി മോഹൻ ബഗാൻ മത്സരത്തിൽ ഇത്രയധികം റെഡ് കാർഡ് കണ്ടതിന്റെ ഗുണം ലഭിക്കാൻ പോകുന്നത് കേരള ബ്ലാസ്റ്റേഴ്സിനാണ്

ISL 2023-24 : വന്നവനും പോയവനും നിന്നവനമെല്ലാം റെഡ് കാർഡ്...! മുംബൈ സിറ്റി മോഹൻ ബഗാൻ മത്സരത്തിൽ പൊരിഞ്ഞ അടി

റെഡ് കാർഡും അടി കൂടലുമായി സംഘർഷ രൂക്ഷിതമായി ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ് സി-മോഹൻ ബഗാൻ മത്സരം. മുംബൈ ഫുട്ബോൾ അരീനയിൽ വെച്ച് നടന്ന മത്സരത്തിൽ ഏഴ് റെഡ് കാർഡുകളാണ് പിറന്നത്. അതിൽ നാല് എണ്ണം മത്സരത്തിനിടെയും ബാക്കിയുള്ളവ അതിന് ശേഷം താരങ്ങൾ തമ്മിലുള്ള അടിയെ തുടർന്ന് റഫറി ചുവപ്പ് കാർഡ് പുറത്തെടുക്കുകയായിരുന്നു. അതേസമയം മത്സരത്തിൽ മുംബൈ കൊൽക്കത്ത വമ്പന്മാരെ 2-1ന് തോൽപ്പിച്ചു.

മത്സരം ആരംഭിച്ച് 13-ാം മിനിറ്റിൽ തന്നെ റഫറി ആദ്യ ചുവപ്പ് കാർഡ് പുറത്തെടുത്തു. മോഹൻ ബാഗാന്റെ മുന്നേറ്റ താരമായ മൻവീർ സിങ്ങിനെ ഫൗൾ ചെയ്തതിന് ആകാശ് മിശ്രയ്ക്കാണ് മത്സരത്തിലെ ആദ്യ ചുവപ്പ് കാർഡ് ലഭിക്കുന്നത്. ആകാശ് കാൽമുട്ട് കൊണ്ട് മൻവീറിന്റെ മുതകത്ത് ചവിട്ടുകയായിരുന്നു. ഇത് തുടർന്നാണ് റഫറി രാഹുൽ ഗുപത് മുബൈയുടെ പ്രതിരോധ താരത്തിന് നേരിട്ട് ചുവപ്പ് കാർഡ് നൽകി. തുടർന്ന് 25-ാം മിനിറ്റിൽ ഓസ്ട്രേലിയൻ സ്ട്രൈക്കർ ജേസൺ കമ്മിങ്സിലൂടെ മോഹൻ ബഗാൻ ലീഡ് നേടുകയും ചെയ്തു. അതേസമയം പത്ത് പേരായി ചുരുങ്ങിയെങ്കിലും മുംബൈ തങ്ങളുടെ ആക്രമണ ശൈലി തുടർന്നു.  ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം നിൽക്ക് ഗ്രെഗ് സ്റ്റുവർട്ടിലൂടെ മുംബൈ സമനില പിടിക്കുകയും ചെയ്തു.

ALSO READ : Year Ender 2023 : ഗാർണച്ചോയുടെ ബൈസൈക്കിൾ കിക്ക് മുതൽ സാന്റോസിന്റെ റബോണ കിക്ക് വരെ; 2023ലെ മികച്ച ഗോളുകൾ

രണ്ടാം പകുതിയിലാണ് മത്സരം അൽപം കയ്യാങ്കളിയിലേക്ക് കടന്നത്. മുംബൈയുടെ മുന്നേറ്റം തടയുന്നതിനായി മോഹൻ ബഗാന്റെ പ്രതിരോധം താരം ആഷിശ് റായി നടത്തിയ ടാക്കിൾ റഫറി ഫൗൾ വിളിച്ചു. തുടർന്ന് അസിസ്റ്റന്റ് റഫറിയോട് ആരാഞ്ഞതിന് ശേഷം റഫറി ഗുപ്ത റായിക്കെതിരെ നേരിട്ട് ചുവപ്പ് കാർഡ് ഉയർത്തുകയായിരുന്നു. റഫറിയുടെ തീരുമാനത്തിൽ മോഹൻ ബഗാൻ താരങ്ങൾ അമർഷം ഉയർത്തിയെങ്കിലും മത്സരം തുടർന്നു. ആ അമർഷത്തിന്റെ ബാക്കിയാണ് മത്സരത്തിലെ മൂന്നാമത്തെ റെഡ് കാർഡ് പിറക്കാൻ ഇടയായത്. 

56-ാം മിനിറ്റിൽ കൊൽക്കത്ത ടീമിന്റെ സുബാഷിഷ് ബോസിന്റെ ടാക്കിൾ റഫറി ഫൗൾ വിളിച്ചു. ഇത് ചോദ്യം ചെയ്ത് ബഗാന്റെ മുന്നേറ്റ താരം ലിസ്റ്റൺ കോളാസോ റഫറിയോട് രോക്ഷകുലനാകുയും രാഹുൽ ഗുപ്തയെ തള്ളി മാറ്റുകയും ചെയ്തു. രണ്ടാമതൊന്ന് ചിന്തിക്കാതെ റഫറി കൊളാസോയ്ക്കെതിരെ ചുവപ്പ് കാർഡ് ഉയർത്തി. വീണ്ടും ഗോവൻ താരം റഫറിക്ക് നേരെ തിരിയുകയായിരുന്നു. തുടർന്ന് സഹതാരങ്ങൾ ഇടപ്പെട്ട് കൊളാസോയെ കളത്തിന്റെ പുറത്തേക്ക് കൂട്ടികൊണ്ടു പോയി. അങ്ങനെ ഒമ്പത് പേരായി ചുരുങ്ങിയ ബാഗനെ തുടരെ ആക്രമിച്ച മുംബൈ ബിപിൻ സിങ്ങിന്റെ ഒരു ഡിഫ്ലക്ഷൻ ഗോളിലൂടെ മുന്നിലെത്തി. 

ഇനിയാണ് നാലാമത്തെ റെഡ് കാർഡ് കാണുന്നത്. ലീഡ് ഉയർത്താനായി മുംബൈ ബഗാന്റെ ബോക്സിലേക്ക് ആക്രമണങ്ങൾ നടത്തുമ്പോൾ ഗോൾ സ്കോററായ ഗ്രെഗ് സ്റ്റുവർട്ട് ഫൗളിലൂടെ താഴെ വീഴുന്നു. ആദ്യപകുതിയിൽ ഒരു മഞ്ഞ കാർഡ് കണ്ട താരം തന്നെ കബിളിപ്പിക്കുകയാണെന്ന് കരുതിയ റഫറി രണ്ടാം മഞ്ഞക്കാർഡും പിന്നാലെ ചുവപ്പ് കാർഡും ഉയർത്തി സ്റ്റുവർട്ടിനെ പുറത്താക്കി. റിപ്ലേയിൽ സ്റ്റുവർട്ട് ഫൗളാക്കപ്പെടുന്നത് വ്യക്തമാണ്. തുടർന്ന് ഇരു ടീമും കളത്തിൽ അംഗബലത്തിൽ സമയമായതിന് പിന്നാലെ മത്സരം ഒന്നും കൂടി ആവേശമായി. എന്നാൽ ബഗാന് സമനില ഗോൾ കണ്ടെത്താൻ മാത്രം സാധിച്ചില്ല.

മത്സരം അവസാനിച്ച് റഫറി വിസ്സിൽ അടിച്ചതിന് ശേഷമാണ് ബാക്കി മൂന്ന് ചുവപ്പ് കാർഡ് പുറത്തെടുക്കുന്നത്. മത്സരശേഷം ബഗാന്റെ ഹെക്ടർ യൂസ്തെയും മുംബൈയുടെ വിക്രം പ്രതാപ് സിങ്ങും തമ്മിൽ വാക്കേറ്റത്തിലായി. ഇതിനിടെ മുംബൈ ക്യാപ്റ്റൻ രാഹുൽ ഭേകെയും കൂടി എത്തിയപ്പോൾ സംഭവം കൈയ്യാങ്കളിയിലേക്ക് കടന്നു. ശേഷം മറ്റ താരങ്ങളും സ്റ്റാഫ് അംഗങ്ങളുമെത്തി വാക്കേറ്റത്തിലായ താരങ്ങളെ പിടിച്ചു മാറ്റി. ഇതിന് ശേഷമാണ് റഫറി ചുവപ്പ് കാർഡ് എടുത്തത്. ഭേകെയ്ക്കും യൂസ്തെയ്ക്കും നേരിട്ട് ചുവപ്പ് കാർഡ് നൽകി. വിക്രം പ്രതാപ് സിങ് മഞ്ഞ കാർഡെ നൽകിയുള്ളെങ്കിലും നേരത്തെ മത്സരത്തിനിടിയൽ മറ്റൊരു മഞ്ഞ കാർഡ് കണ്ടതിനാൽ അത് ചുവപ്പായി മാറി. ചുവപ്പ് കാർഡിന് പുറമെ പത്ത് തവണയാണ് റഫറി മത്സരത്തിൽ മഞ്ഞ കാർഡുയർത്തിയത്.

ഈ മത്സരത്തിൽ ഇത്രയും താരങ്ങൾക്ക് ചുവപ്പ് കാർഡ് കണ്ടതിന്റെ ഗുണം ലഭിച്ചിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിനാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മുംബൈ സിറ്റിക്കെതിരെ അവരുടെ തട്ടകത്തിൽ വെച്ചായിരുന്നു. മുംബൈയുടെ അഞ്ച് പ്രധാന തരാങ്ങൾക്കാണ് അടുത്ത മത്സരത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ചുവപ്പ് കാർഡ് കിട്ടയ ആകാശ് മിശ്ര, ഗ്രെഗ് സ്റ്റുവർട്ട്, രാഹുൽ ഭേകെ, ആശിഷ് റായി എന്നിവർക്കൊപ്പം നാല് മഞ്ഞ് കാർഡ് ലഭിച്ച ഗോൾ കീപ്പർ ഫുർബാ ലച്ചെൻപായും ബ്ലസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ പുറത്ത് നിൽക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Read More