Home> Sports
Advertisement

വെറും വള്ളംകളിയല്ല: ഇനി മുതല്‍ ഐപിഎല്‍ മാതൃകയില്‍ തുഴയാം

കേരളത്തിലെ 5 ജില്ലകളിലെ വള്ളംകളി മത്സരങ്ങള്‍ കോര്‍ത്തിണക്കി ഐപിഎല്‍ മാതൃകയില്‍ ജലമേളകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്.

വെറും വള്ളംകളിയല്ല: ഇനി മുതല്‍ ഐപിഎല്‍ മാതൃകയില്‍ തുഴയാം

തിരുവനന്തപുരം: കേരളത്തിലെ 5 ജില്ലകളിലെ വള്ളംകളി മത്സരങ്ങള്‍ കോര്‍ത്തിണക്കി ഐപിഎല്‍ മാതൃകയില്‍ ജലമേളകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്.  

കേരള ബോട്ട് റേസ് ലീഗ് എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.

എന്നാല്‍, വിപുലമായി നടക്കുന്ന ഈ ജലമേളയില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങളെ ഉള്‍പെടുത്തിയിട്ടില്ല. 2018 ആഗസ്റ്റ് 11 മുതല്‍ നവംബര്‍ 1 വരെയാണ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നെഹ്റു ട്രോഫി വള്ളംകളി സൊസൈറ്റി നിർവാഹക സമിതിയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരിക്കും ലീഗ് മത്സരങ്ങള്‍ നടത്തുക. 

ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരമാണ് യോഗ്യതാ മത്സരമായി കണക്കാക്കുക. കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെ അവസാനിക്കുന്ന കേരള ബോട്ട് റേസ് ലീഗില്‍ 12 മത്സരങ്ങളാണ് ഉണ്ടാകുക. 15 കോടി രൂപയോളം ചിലവ് വരുന്ന മത്സരത്തിനു 10 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിരുന്നു. ബാക്കി പണം സ്‌പോണ്‍സര്‍ഷിപ്പിലും മറ്റുമായി കണ്ടെത്തേണ്ടി വരും. 

ആലപ്പുഴ ജില്ലയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളം ജില്ലയിലെ പിറവം, പൂത്തോട്ട, തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം, കോട്ടയം ജില്ലയിലെ താഴത്തങ്ങാടി, കൊല്ലം ജില്ലയിലെ കല്ലട, കൊല്ലം എന്നീ വേദികളിലാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. 

ജല മഹോത്സവമായി നടത്തുന്ന ലീഗില്‍ യോഗ്യത നേടുന്ന എല്ലാ ടീമിനും ബോണസായി നാല് ലക്ഷം രൂപ വീതം നല്‍കും. ആദ്യ മൂന്ന്‍ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയും അന്തിമ ജേതാക്കള്‍ക്ക് ആറ് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെയും സമ്മാനം നല്‍കാനാണ് ആലോചിക്കുന്നത്. 

കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. മത്സര തീയതികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര തലത്തില്‍  പ്രചാരണം നടത്തും.

സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയിലും ജലോത്സവങ്ങള്‍ക്കും ആവേശം പകരാന്‍ ഐപിഎല്‍ മാതൃകയിലുള്ള കേരള ബോട്ട് റേസ് ലീഗിലൂടെ സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, യോഗ്യത നേടുന്ന എല്ലാ വള്ളങ്ങളും ഹീറ്റ്സ് മുതല്‍ പങ്കെടുക്കണമെന്നും തുഴച്ചിലുകാരില്‍ 75%  തദ്ദേശീയരായിരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉണ്ടായിരുന്നു. ഇതര സംസ്ഥാനക്കാരും ഇതരസംസ്ഥാനത്തു ജോലി ചെയ്യുന്ന സൈനികരുമുള്‍പ്പടെ 25% ഇതരസംസ്ഥാനക്കാരെ മാത്രമേ ലീഗില്‍ കൊണ്ടുവരാന്‍ അനുവാദമുള്ളു.

 

 

 

 

Read More