മോസ്കോ: ലോകകപ്പ് ഗ്രൂപ്പ് എഫില്‍ നിലവിലെ ചാംപ്യന്മാരായ ജര്‍മനിയെ ഞെട്ടിച്ച് മെക്സികോ. 35 മത്തെ മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോയുടെ ഏകഗോളില്‍ ജര്മനിക്കാര് അടിയറവ് പറഞ്ഞു. ഇതോടെ ഗ്രൂപ്പ് എഫില്‍ മൂന്നു പോയിന്റുമായി മെക്സിക്കോ മുന്നിലെത്തി. ഗോള്‍ നേടാന്‍ കിണഞ്ഞ് പരിശ്രമിച്ച ജര്‍മനിയെ ഫലപ്രദമായ പ്രതിരോധക്കോട്ട കെട്ടിയാണ് മെക്സിക്കോ ഒതുക്കിയത്.
തുടക്കം മുതല്‍ ചംപ്യന്മാരെ വിറപ്പിക്കുന്ന പ്രകടനമാണ് മെക്സികോ പുറത്തെടുത്തത്. മത്സരത്തിന്റെ 61 ശതമാനവും പന്ത് ജര്‍മനിയുടെ കാലിലായിരുന്നു. എന്നാല്‍ ഗോളുകള്‍ മാത്രം അന്യം നിന്നു. ഗോള്‍ ലക്ഷ്യമാക്കി നിരവധി തവണ ജര്‍മന്‍ താരങ്ങള്‍ ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍ കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോയും പോസ്റ്റും വില്ലനായി.
35 മത്തെ മിനിറ്റില്‍ ലൊസാനോ ഗോള്‍ നേടിയ ശേഷം ജര്‍മനി അല്പമൊന്ന് മെച്ചപ്പെട്ടു. തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് മെക്സികോ ഗോള്‍ കീപ്പര്‍ ഒച്ചോവോ രക്ഷപ്പെടുത്തി. രണ്ടാം പകുതിയിലും ആക്രമിച്ചാണ് ചാംപ്യന്മാര് കളിച്ചത്. ഇതിനിടെ കൗണ്ടര്‍ അറ്റാക്കിലൂടെ രണ്ടോ മൂന്നോ തവണ മെക്സികോ രണ്ടാം ഗോളിനരികെയെത്തി. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മയാണ് അവര്‍ക്ക് വിനയായത്.
ജയത്തോടെ റഷ്യന്‍ ലോകകപ്പിന് തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജര്‍മനി ഗ്രൂപ്പ് എഫില്‍ മെക്സിക്കോയെ നേരിടാന്‍ ഇറങ്ങിയത്. ഗോളിന്റെ' വക്കിലെത്തിയ മികച്ച തുടക്കവുമായി ആദ്യ മിനിറ്റില്‍ത്തന്നെ സാന്നിധ്യമറിയിച്ച മെക്സിക്കോ ജര്‍മനിയെ തകര്‍ത്ത് തരിപ്പണമാക്കി.