Home> NRI
Advertisement

മലയാളി നഴ്‌സുമാരുടെ ദുരിതം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും: സുഷമ സ്വരാജ്

ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

മലയാളി നഴ്‌സുമാരുടെ ദുരിതം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും: സുഷമ സ്വരാജ്

കുവൈത്ത്: കുവൈത്തില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളും എണ്‍പതോളം മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതവും ഇന്ന് കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. 

ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ്, വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹ് എന്നിവരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിദേശി എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് കുവൈത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനയാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് പ്രശ്‌നമായത്. ഇന്ത്യയിലെ നാഷനല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷനില്‍ (എന്‍ബിഎ) അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ കുവൈത്ത് അംഗീകരിക്കുന്നുള്ളൂ. അല്ലാത്തവരുടെ ഇഖാമ പുതുക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.

ആരോഗ്യമന്ത്രാലയത്തിന്‍റെ വിസയില്‍ കുവൈത്തില്‍ എത്തിയ ശേഷം വര്‍ഷങ്ങളായി ജോലിയും ശമ്പളവും ലഭിക്കാത്തതാണ് എണ്‍പതോളം നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ വിമാനത്താവളത്തില്‍ കുവൈത്ത് ഏഷ്യ കാര്യങ്ങള്‍ക്കായുള്ള വിദേശകാര്യ ഡപ്യൂട്ടി അസിസ്റ്റന്റ് മന്ത്രി സാലിം അല്‍ ഹംദാന്‍, ഇന്ത്യന്‍ സ്ഥാനപതി കെ.ജീവസാഗര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Read More