Home> NRI
Advertisement

സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകൾക്ക് വിലക്ക്!

പ്രത്യേക നിയമത്തിൽ ഇതിനുള്ള വ്യവസ്ഥയുള്ളതായി പബ്ലിക് പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകി.

സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകൾക്ക് വിലക്ക്!

സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകള്‍ക്ക് സൗദി അറേബ്യയില്‍ വിലക്ക്. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് പരമാവധി അഞ്ചുവർഷം വരെ തടവും 30 ലക്ഷം റിയാൽ  (ഏകദേശം 5.76 കോടി രൂപ) പിഴയും ചുമത്തും. 

പ്രത്യേക നിയമത്തിൽ ഇതിനുള്ള വ്യവസ്ഥയുള്ളതായി  പബ്ലിക് പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകി. പരിഹസിക്കുക, പ്രകോപനം ഉണ്ടാക്കുക, അന്യരെ ശല്യപ്പെടുത്തുക തുടങ്ങിയ പോസ്റ്റുകൾക്കെതിരെയും ഇത്  മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നവര്‍ക്കെതിരെയും കടുത്ത ശിക്ഷാനടപടി സ്വീകരിക്കും. 

ജനങ്ങളുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനാണ് ആക്ഷേപഹാസ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വിലക്കിയതെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. 

ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൊതുസമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്നതിനും സാമൂഹികമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫെയ്‌സ്‌ബുക്ക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ ട്രോളുകൾ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ചത്.

കൂടാതെ, മതമൂല്യങ്ങളെ അപമാനിക്കുക, ധാർമികതയ്ക്ക് വിരുദ്ധമായ ചിത്രങ്ങൾ പോസ്റ്റുചെയ്യുക, തെറ്റിദ്ധാരണയുളവാക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുക, തെറ്റായ വാർത്തകൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ സൈബർ കുറ്റകൃത്യമായി പരിഗണിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.

രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച വിവരങ്ങൾ പോലീസിൽ അറിയിക്കാൻ പൊതുജനങ്ങൾ സന്നദ്ധമാകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.
 

Read More