Home> NRI
Advertisement

ബിന്‍ലാദന്‍റെ മകന്‍റെ പൗരത്വം റദ്ദാക്കി സൗദി!!

ലാദന്‍റെ ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യമാരിലൊരാളായ ഖൈറാ സബറിന്‍റെ മകനാണ് ഹംസ.

ബിന്‍ലാദന്‍റെ മകന്‍റെ പൗരത്വം റദ്ദാക്കി സൗദി!!

റിയാദ്: ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദന്‍റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌. 

 അല്‍ക്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ പാരിതോഷിക൦ നല്‍കുമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തതിന് പിന്നാലെയാണിത്. 

ലാദന്‍റെ ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യമാരിലൊരാളായ ഖൈറാ സബറിന്‍റെ മകനാണ് ഹംസ. അബോട്ടാബാദില്‍ ലാദനൊപ്പമുണ്ടായിരുന്നത് ഖൈറയാണ്.

ലാദന്‍ കൊല്ലപ്പട്ടതിനുശേഷം അമേരിക്കയ്ക്കും ഫ്രാന്‍സിനും ഇസ്രായേലിനുമെതിരെ യുദ്ധം ചെയ്യാന്‍ ഹംസ ആഹ്വാനം ചെയ്യുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ യു.എസ്. പുറത്തുവിട്ടിരുന്നു.

മക്കളില്‍ ലാദന് ഏറ്റവും പ്രിയം ഹംസയോടായിരുന്നെന്നും അല്‍ ഖായിദയുടെ തലപ്പത്തേക്ക് നിയോഗിക്കാനും ലാദന്‍ ആഗ്രഹിച്ചിരുന്നതായി അബട്ടാബാദില്‍നിന്ന് ലഭിച്ച രേഖകള്‍ ഉദ്ധരിച്ച് യു.എസ് വെളിപ്പെടുത്തിയിരുന്നു. 

ഹംസയ്ക്ക് ഇപ്പോള്‍ 30 വയസ് പ്രായമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഹംസ ലാദനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇയാള്‍ അഫ്ഗാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയിലോ ഇറാന്‍, സിറിയ എന്നിവിടങ്ങളിലോ ഉണ്ടാവാമെന്നാണ് അമേരിക്ക കരുതുന്നത്. 

2011 മേയ് രണ്ടിന് അബോട്ടാബാദില്‍ യുഎസ് നടത്തിയ അതീവ രഹസ്യ ഓപ്പറേഷനിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. 2001 സെപ്റ്റംബറില്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ബിന്‍ ലാദന്‍റെ നേതൃത്വത്തിലുള്ള അല്‍ഖ്വയ്ദയാണെന്നതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.

Read More