ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇനി ഖത്തറിലേക്ക് പോകാന്‍ വിസ ആവശ്യമില്ല. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ആസ്ട്രേലിയ തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ലാതെ ഖത്തറിൽ പ്രവേശിക്കാമെന്ന് ഖത്തർ ടൂറിസം അതോറിറ്റി അധികൃതരാണ് വാർത്തസമ്മേളനത്തിൽ അറിയിച്ചത്.
ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസക്ക് അപേക്ഷിക്കുകയോ ഫീ അടക്കുകയോ വേണ്ടതില്ല. ചുരുങ്ങിയത് ആറു മാസം കാലാവധിയുള്ള പാസ്പോർട്ടും റിട്ടേൺ ടിക്കറ്റും ഖത്തറിലേക്കുള്ള പ്രവേശനകവാടത്തിൽ ഹാജരാക്കിയാൽ പ്രവേശനാനുമതി ലഭിക്കും.
90 ദിവസം വരെ ഖത്തറിൽ തങ്ങാവുന്ന 180 ദിവസം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി അനുമതിയാണ് ലഭിക്കുക. ഇത്തരം വിസ 33 രാജ്യങ്ങള്‍ക്ക് ലഭ്യമാകും.ഇന്ത്യയടക്കമുള്ള 47 രാജ്യക്കാർക്ക് 30 ദിവസം തങ്ങാനും പിന്നീട് 30 ദിവസം കൂടി നീട്ടാവുന്നതുമായ മൾട്ടിപ്പിൾ എൻട്രി അനുമതിയാണ് കിട്ടുക.
80 രാജ്യങ്ങൾക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നൽകുന്നതിലൂടെ മേഖലയിലെ ഏറ്റവും തുറന്ന സമീപനമുള്ള രാജ്യമായി മാറുകയാണ് ഖത്തർ. ഇതുവഴി തങ്ങള്‍ തങ്ങളുടെ സാംസ്കാരിക പാരമ്പര്യവും ആതിഥ്യമര്യാദയും അനുഭവിക്കാൻ സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് എന്നും ഖത്തർ ടൂറിസം അതോറിറ്റി ചെയർമാൻ ഹസൻ അൽ ഇബ്രാഹീം വാർത്തസമ്മേളനത്തിൽ പറഞ്ഞു.