Home> NRI
Advertisement

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്: ആറു ലക്ഷത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ലഭ്യമായതോടെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടത്തിനു സാധ്യത. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം ഏകദേശം ആറു ലക്ഷത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്: ആറു ലക്ഷത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ലഭ്യമായതോടെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടത്തിനു സാധ്യത. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം ഏകദേശം ആറു ലക്ഷത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. 

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കികൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദാണ് ഉത്തരവ്‌ പുറപ്പെടുവിച്ചത്. 2018 ജൂണ്‍ മാസത്തോടെ നിയമം പ്രാബല്യത്തില്‍ വരും. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രാലയത്തിനുള്ള നിര്‍ദേശം. 

കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് പതിനാലു ലക്ഷത്തിലധികം വീട്ടു ജോലിക്കാരാണ് നിലവിലുള്ളത്. ഏകദേശം 33 ബില്യണ്‍ റിയാലാണ് ഇവര്‍ക്കുവേണ്ടി ചിലവഴിക്കുന്നത്. വനിതകള്‍ ഡ്രൈവിംഗ് മേഖലയിലേയ്ക്ക് എത്തുന്നതോടെ ഇത് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. അതോടൊപ്പം തന്നെ തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കാനും സാധിക്കും.   

വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാകുന്നതു വഴി വലിയ മാറ്റം സാമൂഹിക സാമ്പത്തിക രംഗത്ത് ഉടന്‍ പ്രകടമാകും. ഡ്രൈവിംഗ് വിലക്കായിരുന്നു തൊഴില്‍ രംഗത്ത് നിന്നും വനിതകളെ പിന്നോട്ട് മാറാന്‍ പ്രേരിപ്പിച്ചിരുന്നത്. ജോലി ചെയ്തിരുന്ന സൗദി വനിതകളില്‍ അവരുടെ വരുമാനത്തിന്‍റെ പകുതിയും ഡ്രൈവര്‍മാര്‍ക്കായി നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ഇതിനു ഇനി പരിഹാരമാകും. വിദേശങ്ങളിലേക്കുള്ള പണമൊഴുക്ക് കുറക്കുന്നതിനും പുതിയ നടപടി കാരണമാകുമെന്നും ഡോ:ഫാത്വിന്‍ ആലു സാരി പറഞ്ഞു.

സൗദിയില്‍ തൊഴില്‍ നഷ്ട ഭീഷണിയില്ലാതെയിരുന്ന വിഭാഗമായിരുന്നു ഹൗസ് ഡ്രൈവര്‍മാര്‍. മലയാളികളുടെ ശക്തമായ സാന്നിധ്യം ഈ മേഖലയില്‍ പ്രകടമായിരുന്നു. പുതിയ നിയമത്തോടെ മലയാളികളടക്കമുള്ളവരുടെ തൊഴില്‍ സാധ്യതയെ ഇത് സാരമായി ബാധിക്കും. 

പുതിയ നിയമത്തെ സൗദി പണ്ഡിത സഭയും സ്വാഗതം ചെയ്തു. 

 

Read More