Home> NRI
Advertisement

റമദാന്‍റെ വരവറിയിക്കാന്‍ ദുബായില്‍ പീരങ്കികള്‍ റെഡി

റമദാന്‍റെ തുടക്കവും ഒടുക്കവും മാത്രമല്ല എല്ലാ ദിവസത്തെയും നോമ്പുതുറ സമയമറിയിക്കാനും പീരങ്കികള്‍ ഉപയോഗിക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച സംവിധാനമാണ്.

റമദാന്‍റെ വരവറിയിക്കാന്‍ ദുബായില്‍ പീരങ്കികള്‍ റെഡി

ദുബായ്: റമദാന്‍റെ വരവറിയിക്കാന്‍ ദുബായില്‍ പീരങ്കികള്‍ തയ്യാറായി. റമദാന്‍റെ തുടക്കവും ഒടുക്കവും മാത്രമല്ല എല്ലാ ദിവസത്തെയും നോമ്പുതുറ സമയമറിയിക്കാനും പീരങ്കികള്‍ ഉപയോഗിക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച സംവിധാനമാണ് അത് ഇപ്പോഴും തുടര്‍ന്ന് വരുന്നു. 

റമദാന്‍ മാസത്തിന്‍റെ തുടക്കം ജനങ്ങളെ അറിയിക്കാന്‍ പീരങ്കിയില്‍ നിന്ന് രണ്ട് തവണ വെടിയൊച്ച മുഴങ്ങും.  പിന്നെ എല്ലാ ദിവസത്തെയും നോമ്പുതുറ സമയത്ത് ഓരോ തവണയായിരിക്കും പീരങ്കിയില്‍ നിന്ന് വെടിയൊച്ച ഉയരുന്നത്.

പീരങ്കികള്‍ സജ്ജമായിക്കഴിഞ്ഞുവെന്ന് ഓര്‍ഗനൈസേഷന്‍സ് സെക്യൂരിറ്റി ആന്റ് പ്രൊട്ടക്ടീവ് എമര്‍ജന്‍സി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ മേജര്‍ അബ്ദുള്ള താരിശ് അറിയിച്ചു.  ആറു പീരങ്കികളാണ് ഈ ആവശ്യത്തിനായി ദുബായ് പൊലീസിനുള്ളത്. 

നാലെണ്ണം വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കും. ഇവയ്ക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ ഉപയോഗിക്കാനാണ് മറ്റ് രണ്ട് പീരങ്കികള്‍ സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടീഷ്‌ നിര്‍മ്മിതമായ ഇവ 170 ഡെസിബല്‍ ശബ്ദമുണ്ടാക്കും.

ബുര്‍ജ് ഖലീഫ, അല്‍ മന്‍ഖുലിലേയും അല്‍ ബറഹയിലേയും ഈദ് ഗാഹ് ഗ്രൗണ്ടുകള്‍, മദീനത്ത് ജുമൈറ എന്നിവിടങ്ങള്‍ക്ക് പുറമെ ദുബായ് സിറ്റി വാക്കിലും പീരങ്കികള്‍ സജ്ജീകരിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും ദുബായ് പൊലീസ് നിയോഗിച്ചിട്ടുണ്ട്.

  

Read More