Home> Movies
Advertisement

IFFK 2022: ചോദ്യമുനയിൽ മാധ്യമങ്ങൾ; 'വേട്ടപ്പട്ടികളും ഓട്ടക്കാരും' റിവ്യൂ

Vettapattikalum Ottakarum Review മലയാള സിനിമയുടെ പതിവുവഴികള്‍ വിട്ട് നടക്കുന്ന ചിത്രം ചുറ്റുപാടുകളെ കാണാന്‍ പുതിയ ജാലകം തുറക്കുകയാണ്

IFFK 2022: ചോദ്യമുനയിൽ മാധ്യമങ്ങൾ; 'വേട്ടപ്പട്ടികളും ഓട്ടക്കാരും' റിവ്യൂ

മാധ്യമങ്ങളെ ചോദ്യം ചെയ്യാന്‍ മാധ്യമമുണ്ടോ? ഉണ്ട്, 'സിനിമ' എന്ന ഉത്തരം നല്‍കുകയാണ് 'വേട്ടപ്പട്ടികളും ഓട്ടക്കാരും'. വിവാദങ്ങള്‍ക്ക് പിറകെയുള്ള പരക്കംപാച്ചിലിനെ ശക്തിയുക്തം വിമര്‍ശിക്കുകയാണ് ചിത്രം. രാരിഷ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കനിയെന്ന ഫേസ്ബുക്ക് പേജിലൂടെ എത്തുന്ന സബിതയെന്ന കേന്ദ്ര കഥപാത്രത്തെ ഡോ. ആതിര ഹരികുമാര്‍ അവതരിപ്പിക്കുന്നു. 

ഒരു പെണ്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കന്യകാത്വം വില്‍ക്കാനുണ്ടെന്ന് പറയുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. മാധ്യമ ചര്‍ച്ചകള്‍ തുടങ്ങുന്നതോടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പല തരത്തിലുള്ള അഭിപ്രായങ്ങള്‍ രൂപപ്പെടുന്നു. ഇതോടെ രംഗം മാറുകയാണ്. ബുദ്ധിജീവികള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, ഫെമിനിസ്റ്റുകള്‍, സദാചാരവാദികള്‍ തുടങ്ങി പെണ്‍കുട്ടിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപേര്‍ അഭിപ്രായങ്ങള്‍ പറയുന്നു. ദിവസങ്ങളോളം ഇത് നീളുകയാണ്. 

അഭിപ്രായക്കാരുടെ കൂട്ടത്തില്‍ കുടുംബാംഗങ്ങളും നാട്ടുകാരും ബന്ധുക്കളും അയല്‍ക്കാരും നിറയുന്നു. ചൂടുപിടിക്കുന്ന ചര്‍ച്ചകളും സാമുഹിക മാധ്യമങ്ങളിലെ കമന്റുകളും വിവാദത്തിന് കൊഴുപ്പേകുന്നു. കന്യകാത്വം വാങ്ങാനെത്തുന്ന യുവാക്കളും ചര്‍ച്ചയുടെ ഭാഗമാവുകയാണ്. പോലീസുകാരും പോലീസ് അധികാരികളും വിവാദങ്ങളില്‍ പ്രതികരിച്ചു തുടങ്ങുന്നു. 

ALSO READ : IFFK Movie Review : പടിയിറക്കപ്പെട്ടവരുടെ കഥ; എ പ്ലേസ് ഓഫ് അവർ ഓൺ റിവ്യൂ

നിരവധി പേര്‍ കന്യകാത്വത്തിന് വിലപറയുമ്പോള്‍ സബിത എന്ന പെണ്‍കുട്ടി ഫേസ്ബുക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് കടുത്ത തീരുമാനമെടുക്കുന്നു. അതോടെ ഭരണ കേന്ദ്രങ്ങള്‍ക്ക് പ്രശ്‌നം തലവേദനയാകുന്നു. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് പോര്‍ക്കളമാകുന്നതോടെ വിവാദത്തിന്റെ കലാശക്കൊട്ടിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. 

വിവാദചര്‍ച്ചകള്‍ക്കിടെ നോട്ടുനിരോധനത്തിന്റെ പ്രഖ്യാപനമെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും തെല്ലിട ചര്‍ച്ചയുടെ ഗതിമാറ്റുന്നുണ്ടെങ്കിലും സബിതയുടെ പുതിയ പോസ്റ്റ് ചര്‍ച്ചകള്‍ പൂര്‍വസ്ഥിതിയിലെത്തിക്കുന്നു. സമകാലിക സംഭവങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം സമൂഹത്തിന്റെ ''റാറ്റ് റേസി''നും മാധ്യമങ്ങളുടെ വിവാദപ്രേമത്തിനും കനത്ത പ്രഹരം നല്‍കുന്നുണ്ട്. 

രാഷ്ട്രീയക്കാര്‍ വിവാദത്തെ സ്വന്തം രാഷ്ട്രീയ ലാഭത്തിനും ഭരണക്കാര്‍ ഭരണ മികവിനുമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് സിനിമ ആക്ഷേപമാക്കുന്നുണ്ട്. എന്തിനാണ് വിവാദമെന്ന് ചിന്തിക്കാതെ ക്യാമറയും മൈക്കുമായി ആവേശത്തിലേക്ക് എത്തുന്ന മാധ്യമങ്ങളിലൂടെയാണ് കഥ ഓരോ ഘട്ടവും പിന്നിടുന്നത്. പെണ്‍കുട്ടിയെയും വീട്ടുകാരെയും കാണാതാകുന്നതോടെ പോലീസും ചോദ്യം ചെയ്യപ്പെടുന്നു. പോലീസ് അവരെ രഹസ്യ കേന്ദ്രത്തിലാക്കിയെന്ന് വാര്‍ത്ത പരക്കുന്നു.

ALSO READ : 1001 Nunakal Movie Review : നുണ, അതിന്മേൽ മറ്റൊരു നുണ, പിന്നീട് നുണകളുടെ ചീട്ടുകൊട്ടാരം; 1001 നുണകൾ റിവ്യൂ

എല്ലാത്തിനുമൊടുവില്‍ പെണ്‍കുട്ടിയും വീട്ടുകാരും മാധ്യങ്ങളോട് ചിലത് ചോദിക്കുന്നതോടെ വിവാദം കെട്ടുപോവുകയാണ്. എന്നിട്ടും വിടാതെ സബിതയെ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകരോട് പെണ്‍കുട്ടി തെരുവില്‍ വച്ച് കൃത്യമായ 'ഉത്തരം' നല്‍കുന്നതോടെ ചിത്രം അവസാനിക്കുന്നു. മോക്യുമെന്ററിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമ നിശിതമായി സാമൂഹിക സംവിധാനങ്ങളെയും സദാചാരബോധത്തെയും ചോദ്യംചെയ്യുന്നുണ്ട്. 

മലയാള സിനിമയുടെ പതിവുവഴികള്‍ വിട്ട് നടക്കുന്ന ചിത്രം ചുറ്റുപാടുകളെ കാണാന്‍ പുതിയ ജാലകം തുറക്കുകയാണ്. എഡിറ്റിങ് മികവ് ചിത്രത്തിന്റെ എടുത്തുപറയേണ്ടതാണ്. അഭിപ്രായങ്ങളുമായി എത്തുന്ന പൊതുജനത്തിന്റെ വലിയ നിരതന്നെ ചിത്രത്തിലുള്ളതിനാല്‍ ചിത്രത്തില്‍ അഭിനേതാക്കളുടെ എണ്ണക്കൂടുതലുണ്ട്. പൊതു സമൂഹത്തിന്റെ നേര്‍ ചിത്രം എന്ന് ഒറ്റവാക്കില്‍ സിനിമയെ വിശേഷിപ്പിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More