Home> Movies
Advertisement

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; ഉദ്ഘാടനം ചെയ്ത് അമിതാഭ് ബച്ചന്‍!!

ഉദ്ഘാടന ചടങ്ങിനുശേഷം ശങ്കർ മഹാദേവൻ നയിച്ച സംഗീതവിരുന്ന് അരങ്ങേറി. ഇന്ന് മുതല്‍ നവംബര്‍ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. ഇറ്റാലിയന്‍ സംവിധായകന്‍ ഗോരന്‍ പാസ്‌കല്‍ജെവികിന്റെ ഡെസ്പൈറ്റ് ദി ഫോഗാണ് ഉദ്ഘാടനചിത്രം.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; ഉദ്ഘാടനം ചെയ്ത് അമിതാഭ് ബച്ചന്‍!!

പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് ബോളിവുഡ് ചലച്ചിത്ര താരം അമിതാഭ് ബച്ചന്‍!

International Film Festival of India (IFFI)യുടെ സുവര്‍ണ്ണ ജൂബിലി പതിപ്പാണ്‌ ഇത്തവണ നടക്കുന്നത്. ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സുവര്‍ണ ജൂബിലി ഐക്കണ്‍ അവാര്‍ഡ് സൂപ്പര്‍താരം രജനീകാന്ത് ഏറ്റുവാങ്ങി. 

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംബന്ധിച്ച ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു അവതാരകന്‍. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പര്‍ട്ടിന് സമ്മാനിച്ചു. 

ഉദ്ഘാടന ചടങ്ങിനുശേഷം ശങ്കർ മഹാദേവൻ നയിച്ച സംഗീതവിരുന്ന് അരങ്ങേറി. ഇന്ന് മുതല്‍ നവംബര്‍ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. ഇറ്റാലിയന്‍ സംവിധായകന്‍ ഗോരന്‍ പാസ്‌കല്‍ജെവികിന്റെ ഡെസ്പൈറ്റ് ദി ഫോഗാണ് ഉദ്ഘാടനചിത്രം.

ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനചിത്രമായി ഗുജറാത്തി സംവിധായകന്‍ അഭിഷേക് ഷായുടെ ഹെല്ലാരോ വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും. കശ്മീരില്‍  നിന്നുള്ള നൂറയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. ആഷിഷ് പാണ്ഡയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മലയാളത്തില്‍ നിന്നുള്ള മനു അശോകന്‍റെ ഉയരെ, ടി കെ രാജീവ് കുമാറിന്‍റെ കോളാമ്പി എന്നീ ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

76 രാജ്യങ്ങളില്‍ നിന്നായി 200ലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. 

ഫീച്ചര്‍ വിഭാഗത്തില്‍ 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 15 ചിത്രങ്ങളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍. രാജേന്ദ്ര ജംഗ്ളിയാണ് നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍.

ചലച്ചിത്രോത്സവം ആരംഭിച്ച്‌ 50 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ 50 വനിതാ സംവിധായകരുടെ 50 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

ഈ വർഷത്തെ മേളയിൽ റഷ്യയാണ് ഇന്ത്യയ്ക്കൊപ്പം പങ്കാളിത്തം വഹിക്കുക. ദാദാസാഹേബ് ഫാൽക്കെ പുരസ്കാര ജേതാവ് അമിതാഭ് ബച്ചന്‍റെ തിരഞ്ഞെടുത്ത ചിത്രങ്ങളും മേളയില്‍ പ്രദർശിപ്പിക്കും.

 

Read More