സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന സാമുവല്‍ റോബിന്‍സണ്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. കേരളത്തില്‍ വംശവെറിക്ക് ഇരയായെന്നും നിര്‍മ്മാതാക്കള്‍ അര്‍ഹിച്ച പ്രതിഫലം നല്‍കിയില്ലെന്നും സാമുവല്‍ ആരോപിച്ചു.
സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാമുവലിന്റെ ആരോപണങ്ങള്‍ക്കെതിരെ ഇരുവരും പ്രതികരിച്ചിട്ടില്ല.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാമുവല്‍ റോബിന്‍സണിന്റെ തുറന്നു പറച്ചില്.
നിര്‍മ്മാതാക്കളില്‍ നിന്ന് വിവേചനം നേരിട്ടെന്നും അക്കാര്യം തുറന്നു പറയാന്‍ ഇപ്പോഴാണ് താന്‍ മാനസികമായി തയ്യാറായതെന്നും സാമുവല്‍ പറഞ്ഞു. തന്നെപ്പോലെ മറ്റൊരു നടന് ഇത്തരത്തില്‍ ദുരനുഭവം നേരിടാതിരിക്കാനാണ് ഈ തുറന്നു പറച്ചിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംവിധായകന് സക്കരിയ തന്നോട് അനുഭാവപൂര്‍ണമായാണ് പെരുമാറിയത്. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കയ്യിലല്ല. പ്രതിഫലം കുറഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോള്‍ ചിത്രം വിജയിച്ചാല്‍ അതനുസരിച്ച് നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ വാക്ക് പാലിക്കപ്പെട്ടില്ലെന്ന് സാമുവല്‍ റോബിന്‍സണ്‍ ആരോപിക്കുന്നു.
പ്രൊഫഷണല്‍ അഭിനേതാവ് എന്ന നിലയില്‍ അഞ്ചു മാസങ്ങള്‍ ഈ ചിത്രത്തിനായി മാറ്റി വച്ചു. മൂന്ന് മാസം ചിത്രീകരണത്തിനും രണ്ട് മാസം ചിത്രത്തിന്റെ പ്രചാരണത്തിനും. അത്ര പ്രശസ്തരല്ലാത്ത അഭിനേതാക്കള്‍ക്ക് ലഭിക്കുന്ന തുക പോലും തനിക്ക് ലഭിച്ചില്ല. കേരളത്തിലെ യാത്രകള്‍ക്കിടയില്‍ മറ്റ് അഭിനേതാക്കളുമായി സംസാരിച്ചപ്പോഴാണ് ഇത് സംബന്ധിച്ച് കൂടുതല്‍ മനസിലായതെന്നും സാമുവല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സാമുവല്‍ കേരളത്തില്‍ നിന്ന് നൈജീരിയയിലേക്ക് പോയത്. ആത്മാവിന്റെ ഒരു തുണ്ട് കേരളത്തില്‍ ഉപേക്ഷിച്ചാണ് സ്വന്തം നഗരമായ നൈജീരിയയിലേക്ക് പോകുന്നതെന്നായിരുന്നു സാമുവല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പ്രതിഫലം സംബന്ധിച്ചും നേരിട്ട വിവേചനത്തെക്കുറിച്ചും സാമുവലിന്റെ തുറന്നു പറച്ചില് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.