Home> Movies
Advertisement

പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിച്ചവരെ വിമര്‍ശിച്ച് ജോയ് മാത്യൂ; വകതിരിവില്ലാത്ത പോസ്റ്റെന്ന് 'കമന്റന്‍മാര്‍'

ആര് അവാർഡ് തരുന്നു എന്ന് നോക്കിയല്ല നോമിനേഷൻ സമർപ്പിക്കുന്നത്, എന്ന വകതിരിവ് പോലും അദ്ദേഹത്തിന് ഇല്ലാതെ പോയി എന്നും പലരും സൂചിപ്പിക്കുന്നു.

പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിച്ചവരെ വിമര്‍ശിച്ച് ജോയ് മാത്യൂ; വകതിരിവില്ലാത്ത പോസ്റ്റെന്ന് 'കമന്റന്‍മാര്‍'

ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കേ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. അവാര്‍ഡ് നിരസിച്ച കലാകാരന്‍മാരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ജോയ് മാത്യു ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.

അച്ചാർ കച്ചവടക്കാരിൽ നിന്നും അടിവസ്ത്ര വ്യാപാരികളിൽ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്കാരങ്ങൾ വങ്ങിക്കുന്നവർക്ക്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും അവാർഡ്‌ സ്വീകരിക്കാൻ കഴിയില്ല എന്ന് പറയുന്നതിന്‍റെ യുക്തി മനസ്സിലാകുന്നില്ലെന്നാണ് ജോയ് മാത്യൂ പരിഹസിക്കുന്നത്.

കത്‌വയിൽ പിഞ്ചുബാലികയെ ബലാൽസംഗംചെയ്തു കൊന്നതിന്‍റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെ പ്രതിഷേധിച്ചോ ആണ് അവാർഡ്‌ നിരസിച്ചതെങ്കിൽ അതിന് ഒരു നിലപാടിന്‍റെ അഗ്നിശോഭയുണ്ടായേനെയെന്നും ജോയ് മാത്യൂ സൂചിപ്പിക്കുന്നു.

അതേസമയം ജോയ് മാത്യൂവിന്‍റെ നിലപാടില്‍ അനുകൂലിച്ചുള്ള പ്രതികരണങ്ങളെക്കാള്‍ കൂടുതല്‍ പ്രതികൂല മറുപടികളാണ് കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്.

ചടങ്ങ് ബഹിഷ്കരിച്ചവരെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ എഴുതിയ അദ്ദേഹം, തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'അങ്കിള്‍'നെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇതിനെ ട്രോളിയാണ് ആരാധകര്‍ പോസ്റ്റില്‍ കമന്‍റുകള്‍ ചെയ്തിരിക്കുന്നത്. 

'ഞാനെപ്പോഴും പറയാറുള്ളത്‌ അവാർഡിനു വേണ്ടിയല്ല മറിച്ച്‌ ജനങ്ങൾ കാണുവാൻ വേണ്ടിയാണു സിനിമയുണ്ടാക്കേണ്ടത്‌. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണു
നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന "അങ്കിൾ" എന്ന സിനിമ-'
എന്ന പരാമര്‍ശത്തെയാണ് 'കമന്റന്‍മാര്‍' കണക്കറ്റ് പരിഹസിക്കുന്നത്. 

മാത്രമല്ല, 'രാഷ്ട്രപതി തന്നെ അവർഡ്‌ നൽകും എന്ന് അവാർഡിനയക്കുന്ന അപേക്ഷകനു ഉറപ്പുകൊടുത്തിട്ടുണ്ടോ എന്നറിയില്ല-' എന്ന് ജോയ് മാത്യൂ പറയുന്നതിലും കമന്‍റുകള്‍ നിരവധിയാണ്.

ആര് അവാർഡ് തരുന്നു എന്ന് നോക്കിയല്ല നോമിനേഷൻ സമർപ്പിക്കുന്നത്, എന്ന വകതിരിവ് പോലും അദ്ദേഹത്തിന് ഇല്ലാതെ പോയി എന്നും പലരും സൂചിപ്പിക്കുന്നു.

Read More