Home> Kerala
Advertisement

വട്ടിയൂര്‍ക്കാവ് തോല്‍വി: സോണിയയെ സന്ദര്‍ശിച്ച്‌ കെ മുരളീധരന്‍

പരാതിയുമായി കെ. മുരളീധരന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു.

വട്ടിയൂര്‍ക്കാവ് തോല്‍വി: സോണിയയെ സന്ദര്‍ശിച്ച്‌ കെ മുരളീധരന്‍

ന്യൂഡല്‍ഹി: പരാതിയുമായി കെ. മുരളീധരന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു.

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംഘടനാപരമായ പാളിച്ചയെന്നും എന്‍എസ്‌സിന്‍റെ പരസ്യ പിന്തുണ ന്യൂനപക്ഷങ്ങളെ അകറ്റാന്‍ ഇടയാക്കിയതായും മുരളീധരന്‍ സോണിയ ഗാന്ധിയെ ധരിപ്പിച്ചു. 

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പീതാംബരകുറുപ്പിനെയായിരുന്നു മുരളീധരന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, പാര്‍ട്ടി നേതൃത്വം ഇടപെട്ടായിരുന്നു മോഹന്‍ കുമാറിനെ വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഒടുവില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ ഇടതു സ്ഥാനാര്‍ത്ഥി വി. കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്തു. 

യുഡിഎഫ് സ്ഥാനാര്‍ത്ഥി വട്ടിയൂര്‍ക്കാവില്‍ പരാജയപ്പെട്ടതോടെ സംഘടനാ സംവിധാനത്തില്‍ പാളിച്ചയുണ്ടായെന്ന വിമര്‍ശനവുമായി മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

കൂടാതെ, കെപിസിസി പുനസംഘടനയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നും മുരളീധരന്‍ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

കൂടാതെ, കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടികയ്‌ക്കെതിരെയും കെ. മുരളീധരന്‍ അതൃപ്തി അറിയിച്ചു. ജംബോ പട്ടിക ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളോടോ എംപിമാരോടോ ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും മുരളീധരന്‍ പറഞ്ഞു. പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാന്‍ കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും വൈകിട്ട് ഡല്‍ഹിക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. 

ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കിയ പട്ടിക അതേപടി ചേര്‍ത്തുവച്ചിരിക്കുകയാണ്. ജംബോ പട്ടിക പാര്‍ട്ടിക്ക് ഗുണവും ചെയ്യില്ല. യൂത്ത് കോണ്‍ഗ്രസ് വോട്ടെടുപ്പ് നടത്തുന്നത് പാര്‍ട്ടിയില്‍ ചേരിതിരിവിന് കാരണമാകുമെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച്‌ ചുമതല നല്‍കണമെന്നും മുരളീധരന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

Read More