Home> India
Advertisement

തിരുനെൽവേലി കലക്ട്രേറ്റ് വളപ്പിലെ ആത്മഹത്യാശ്രമം: ഗൃഹനാഥനും മരിച്ചു

ബ്ലേഡ് മാഫിയയെ ഭയന്ന് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കലക്ട്രേറ്റ് വളപ്പിൽ ഒരു കുടുംബത്തിലെ നാല് പേർ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതിലെ ഗൃഹനാഥനും മരിച്ചു. തിരുനെൽവേലി കാശിധർമം സ്വദേശി ഇസൈക്കിമുത്തുവാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.

തിരുനെൽവേലി കലക്ട്രേറ്റ് വളപ്പിലെ ആത്മഹത്യാശ്രമം: ഗൃഹനാഥനും മരിച്ചു

ചെന്നൈ: ബ്ലേഡ് മാഫിയയെ ഭയന്ന് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കലക്ട്രേറ്റ് വളപ്പിൽ ഒരു കുടുംബത്തിലെ നാല് പേർ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതിലെ ഗൃഹനാഥനും മരിച്ചു. തിരുനെൽവേലി കാശിധർമം സ്വദേശി ഇസൈക്കിമുത്തുവാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. 

ഒരു കുടുംബത്തിലെ നാല് പേരാണ് തിങ്കളാഴ്ച തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരില്‍ മൂന്നുപേര്‍ സംഭവദിവസം തന്നെ മരിച്ചിരുന്നു. ഇസൈക്കിമുത്തുവിന്‍റെ ഭാര്യയും രണ്ട് പെണ്‍മക്കളും ആണ് മരണമടഞ്ഞത്. 

കാശിധർമം സ്വദേശികളായ ഇസൈക്കിമുത്തുവും ഭാര്യ സുബ്ബുലക്ഷ്മിയും രണ്ട് പെൺമക്കളും വട്ടിപ്പലിശക്കാർക്കെതിരെ പരാതി നൽകാൻ കലക്ട്രേറ്റിലെത്തിയതായിരുന്നു. പരാതികളുടെ ഹിയറിംഗ് തുടങ്ങുന്നതിന് തൊട്ട് മുൻപ് ഇവർ കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തൊട്ടടുത്തുള്ളവർ മണ്ണ് വാരിയെറിഞ്ഞും മറ്റും രക്ഷിയ്ക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. തിരുനെൽവേലി കളക്ട്രേറ്റ് വളപ്പിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.

ഗ്രാമത്തിലെ വട്ടിപ്പലിശക്കാരിൽ നിന്ന് ഒന്നരലക്ഷം രൂപ കടം വാങ്ങിയ ഇവർ രണ്ട് ലക്ഷത്തി മുപ്പത്തിനാലായിരം രൂപ തിരിച്ചടച്ചതായി ബന്ധുക്കൾ പറയുന്നു. എന്നാൽ രണ്ട് ലക്ഷം കൂടി വേണമെന്നാവശ്യപ്പെട്ട് വട്ടിപ്പലിശക്കാർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടാകാതിരുന്നതിനെത്തുടർന്നാണ് ഇവർ കലക്ട്രേറ്റിൽ പരാതി നൽകാനെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More