Home> India
Advertisement

LIVE: ത്രിപുരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; നാഗാലാന്‍ഡില്‍ ബിജെപിക്ക് മുന്നേറ്റം

ആദ്യ സൂചന ലഭ്യമാകുമ്പോള്‍ തൃപുരയില്‍ ബിജെപിയും സിപിഎമ്മും ഇരുപത് വീതം സീറ്റുകളില്‍ മുന്നിലാണ്

LIVE: ത്രിപുരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; നാഗാലാന്‍ഡില്‍ ബിജെപിക്ക് മുന്നേറ്റം

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മത്സരം കാഴ്ച വച്ച് ബിജെപി. ത്രിപുരയില്‍ സിപിഎമ്മിന് ഒപ്പത്തിനൊപ്പം ലീഡ് നേടിയ ബിജെപി നാഗാലാന്‍ഡിലും ശക്തമായ മുന്നേറ്റം കാഴ്ച വച്ചു. 

ആദ്യ സൂചന ലഭ്യമാകുമ്പോള്‍  തൃപുരയില്‍ ബിജെപിയും സിപിഎമ്മും ഇരുപത് വീതം സീറ്റുകളില്‍ മുന്നിലാണ്. നാഗാലാന്‍ഡില്‍ മറ്റ് കക്ഷികളെ പിന്നിലാക്കി 13 സീറ്റുകളില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. മേഘാലയയില്‍ കോണ്‍ഗ്രസ് ഏഴിലും എന്‍പിപി 11 ഇടങ്ങളിലുമാണ് മുന്നില്‍. ബിജെപി നാല് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 

 

 

രാവിലെ എട്ട് മണിയോടെ  മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ തുടങ്ങി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 

സി.പി.എമ്മും ബി.ജെ.പിയും കൊമ്പുകോര്‍ത്ത ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലമാണ് രാജ്യം ഉറ്റുനോക്കുന്നത്. സിപിഎമ്മിന്‍റെ മണിക് സര്‍ക്കാരിനെതിരെ കടുത്ത വെല്ലുവിളിയാണ് ബി.ജെ.പി ഉയര്‍ത്തിയത്. ഫെബ്രുവരി 18നായിരുന്നു ത്രിപുരയില്‍ വോട്ടെടുപ്പ് നടന്നത്.

നാഗാലാന്‍റിലും മേഘാലയയിലും വോട്ടെടുപ്പ് നടന്നത് ഫെബ്രുവരി 27നാണ്. മൂന്നിടങ്ങളിലും അറുപതംഗ നിയമസഭയാണുള്ളത്. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളിലും 59വീതം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. നാഗാലാന്‍റില്‍ ഒരിടത്ത് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി മരിച്ചതു മൂലമാണ് തെരഞ്ഞെടുപ്പ് 59 സീറ്റിലേക്ക് ചുരുങ്ങിയത്. മേഘാലയയില്‍ ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടത് മൂലം ആ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. 

മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.

Read More