Home> Kerala
Advertisement

കേരളത്തില്‍ മൂന്ന് ദശാബ്ദത്തിനിടയിലെ റെക്കോര്‍ഡ് പോളിംഗ്!!

ജനാധിപത്യത്തിന്‍റെ ഉത്സവമായ തിരഞ്ഞെടുപ്പ് തികച്ചും ആഘോഷമാക്കി മലയാളികള്‍!! ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെ നടന്ന മൂന്നു ഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് പ്രബുദ്ധ കേരളം തന്നെ...

കേരളത്തില്‍ മൂന്ന് ദശാബ്ദത്തിനിടയിലെ റെക്കോര്‍ഡ് പോളിംഗ്!!

തിരുവനന്തപുരം: ജനാധിപത്യത്തിന്‍റെ ഉത്സവമായ തിരഞ്ഞെടുപ്പ് തികച്ചും ആഘോഷമാക്കി മലയാളികള്‍!! ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെ നടന്ന മൂന്നു ഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് പ്രബുദ്ധ കേരളം തന്നെ...  

ആവേശം ആകാശം കണ്ട പ്രചാരണങ്ങള്‍ക്ക് ശേഷം ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ വിധിയെഴുതി. 2014ല്‍ പോളിംഗ് ശതമാനം കേരളം മറികടന്നു. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 77.68% പേര്‍ വോട്ട് രേഖപ്പെടുത്തി. 2014ല്‍ 74.04% ആയിരുന്നു പോളിംഗ്. 

രാത്രി ഏറെ വൈകിയും പോളിംഗ് നടന്നതിനാല്‍ കൃത്യമായ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇനിയും കാത്തിരിക്കണം.  
നിലവിലെ കണക്കുകള്‍ പ്രകാരം 30 വര്‍ഷത്തിനിടയിലെ ഏറ്റവം ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.

അതേസമയം, ശക്തമായ ത്രികോണപ്പോരാട്ടമാണ് മിക്ക മണ്ഡലങ്ങളിലും നടന്നത്. ഈ മണ്ഡലങ്ങളിലെല്ലാം പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നുവെന്നതും വാസ്തവം. 

തിരുവനന്തപുരത്ത് 2014ലെ 68.69ൽ നിന്ന് ഇത്തവണ 73.37 ശതമാനമായി. പത്തനംതിട്ടയിൽ 66.02ൽനിന്ന് 74.04 ആയും തൃശ്ശൂരിൽ 72.17ൽ നിന്ന് 77.49 ആയും ഉയർന്നു.

കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കൂടാതെ, എട്ട് മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. നിലവിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം കണ്ണൂരും, കുറവ് തിരുവനന്തപുരത്തുമാണ്. കണ്ണൂരില്‍ 83.05% വും തിരുവനന്തപുരത്ത് 73. 45% വുമാണ് പോളിംഗ്.  

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ വയനാട്ടില്‍ 6.81% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 

പെട്ടിയില്‍ കിടക്കുന്ന വോട്ടിനെ ചൊല്ലി തര്‍ക്കങ്ങളും അവകാശവാദങ്ങളും സംവാദങ്ങളും കൊഴുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ എങ്ങും ദൃശ്യമാകുന്നത്. പോളിംഗ് ശതമാനത്തിലെ വര്‍ദ്ധന അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്നു മുന്നണികളും. 

പോളിംഗ് ശതമാനം വര്‍ദ്ധിച്ചതോടെ സ്ഥാനാര്‍ഥികളും മുന്നണികളും ആവേശത്തിലാണ്. 14 സീറ്റില്‍ വിജയം യു.ഡി.എഫ് അവകാശപ്പെടുമ്പോള്‍ ചരിത്ര മുന്നേറ്റമാണ് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നത്. രണ്ട് മുന്നണികളെയും ഞെട്ടിച്ച്‌ രണ്ട് സ്ഥലത്ത് താമര വിരിയുമെന്ന അവകാശവാദവുമായി ബിജെപിയും രംഗത്തുണ്ട്. വോട്ട് പെട്ടിയിലായിട്ടും ആത്മവിശ്വാസത്തിന് ഒരു മുന്നണിക്കും കുറവില്ല.
 

Read More