തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ UAPA നിയമം ചുമത്തി അറസ്റ്റു ചെയ്ത പാര്‍ട്ടി അംഗങ്ങളായ അലനെയും താഹയെയും സിപിഎം ഇതുവരെ പുറത്താക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതൃത്വം.
മാവോയിസ്റ്റ് ബന്ധ൦ ആരോപിക്കപ്പെടുകയും കോടതി അത് ശരിവയ്ക്കുയും ചെയ്ത സാഹചര്യത്തിലാണ് ബിജെപിയുടെ വിമര്‍ശനം.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ UAPA നിയമം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട അലനെയും താഹയെയും സിപിഎം ഇതുവരെ പുറത്താക്കാത്തത് എന്തുകൊണ്ടാണ് എന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം ടി രമേശ് ചോദിച്ചു. കൂടാതെ, മാവോയിസ്റ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ എന്തു നിലപാട് കൈക്കൊണ്ടാലും ബിജെപി ഒപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, യുവാക്കളെ ഇതുവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാത്തത്, സിപിഎമ്മിന് നാടിനേക്കാള്‍ വലുത് പാര്‍ട്ടിയാണ് എന്നാണ് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, യുവാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചതായാണ് സൂചന. പുറത്താക്കല്‍ നടപടികള്‍ക്കായി ലോക്കല്‍ ജനറല്‍ ബോഡി യോഗം തിങ്കളാഴ്ച വൈകിട്ട് നടക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടികളിലേയ്ക്കു കടന്നിരിക്കുന്നത്. മൂന്നംഗ കമ്മീഷന് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ തെറ്റുകാരാണെന്ന് സിപിഎം കണ്ടെത്തിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത രണ്ടു പാര്‍ട്ടി അംഗങ്ങള്‍ക്കും മാവോയിസ്റ്റുകളുമായി നല്ല ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനു നല്‍കിയതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഈ വിഷയത്തില്‍ തുടക്കം മുതല്‍ കര്‍ശന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈക്കൊണ്ടിരിക്കുന്നത്.
വിദ്യാര്‍ഥികളുടെമേല്‍ യുഎപിഎ ചുമത്തിയത് ആദ്ദേഹം ന്യായീകരിക്കുകയാണ് ഉണ്ടായത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പോലീസ് നടപടിയെ സാധൂകരിക്കുന്നതാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ യുഎപിഎ കരിനിയമമാണെന്നും മാവോയിസ്റ്റു ലഘുലേഖ വിതരണം ചെയ്തതിന്റെ പേരില്‍ ഈ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്ത സര്ക്കാന് നടപടി തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടി സംസ്ഥാന നേതൃത്വം, കേന്ദ്ര നേതാക്കളുടെ ആവശ്യം തള്ളാനോ കൊള്ളാനോ ഇതുവരെയും തയാറായിട്ടില്ല. കൂടാതെ, പാര്‍ട്ടി മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമെന്നും വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്.
അതേസമയം, അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ CPM പ്രവര്‍ത്തകരെങ്കിലും ഇവരുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇവരുടെ മാവോയിസ്റ്റ് ബന്ധം കോടതി ശരി വയ്ക്കുകയും ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധം ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന പോലീസ്.
കഴിഞ്ഞ 2നാണ് കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി അലന് ഷുഹൈബ് (20), കണ്ണൂര്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ഥി താഹ ഫൈസല്‍ (24) എന്നിവര്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ 8ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. 14ന് ഹൈക്കോടതി ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.
സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ യുഎപിഎ കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുന്നത്. മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യുഎപിഎ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ.