Home> Kerala
Advertisement

Thamarassery Churam: ആളെ മയക്കുന്ന താമരശ്ശേരി ചുരം!

താമരശ്ശേരി അടിവാരത്ത് നിന്നും തുടങ്ങി വയനാട് ലക്കിടിയിൽ അവസാനിക്കുന്ന ഈ പാതയിൽ ഒൻപത് ഹെയർപിൻ വളവുകളുണ്ട്. 12 കിലോമീറ്ററാണ് അടിവാരം മുതൽ ലക്കിടിവരെ.

Thamarassery Churam: ആളെ മയക്കുന്ന താമരശ്ശേരി ചുരം!

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന പാതകളിലൊന്നാണ് താമരശ്ശേരി ചുരം. ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണെങ്കിലും വയനാട് ചുരം എന്നാണ് ഇത് അറിയപ്പെടുന്നത്. ദേശീയ പാത 212ന്റെ ഭാഗമാണിത്. ചുരത്തിലൂടെയുളള യാത്ര തന്നെയാണ് ഏവരെയും വീണ്ടും ഇവിടേക്ക് ആകർഷിക്കുന്നത്. കാരണം ഇരു വശങ്ങളും ഇടതൂർന്ന വനം, വനത്തിലെ കോടമഞ്ഞ്, വഴിയോരത്ത് കുത്തിയിരിക്കുന്ന കുരങ്ങന്മാർ, കുറ്റിക്കാടുകൾ നിറഞ്ഞ മനോഹര കാഴ്ചകളാണ് യാത്രയിലൂടെ കാണാൻ കഴിയുന്നത്.

താമരശ്ശേരി അടിവാരത്ത് നിന്നും തുടങ്ങി വയനാട് ലക്കിടിയിൽ അവസാനിക്കുന്ന ഈ പാതയിൽ ഒൻപത് ഹെയർപിൻ വളവുകളുണ്ട്. 12 കിലോമീറ്ററാണ് അടിവാരം മുതൽ ലക്കിടിവരെ. ചുരം അവസാനിക്കുന്നത് വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴാണ്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,625 അടി മുകളിൽ. അതിനിടയിൽ ഹെയർപിൻ 9ലെ വളവിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ ഏകദേശ ആകാശദൃശ്യം കാണാൻ സാധിക്കും. ചിലസമയങ്ങളിൽ അപൂർവ്വമായി അസ്തമയവും കടൽപ്പരപ്പും കാണാൻ കഴിയും. മേഘങ്ങളും കോടമഞ്ഞും തന്നെയാണ് ചുരത്തിലെ പ്രധാന ആകർഷണം. മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തർസംസ്ഥാന പാതയായും താമരശ്ശേരിചുരം അറിയപ്പെടുന്നു.

ചരിത്രത്തിലെ ചുരം

താമരശ്ശേരി ചുരം നിർമ്മിച്ചത് ബ്രിട്ടീഷുകാരാണ്. എന്നിരുന്നാലും ബ്രിട്ടീഷുകാർക്ക് വഴി കാണിച്ചു കൊടുത്തത് ആദിവാസികളായിരുന്നു. വഴി കാണിച്ചു കൊടുത്ത കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പനെയാണ് ഇവിടുത്തുകാർ ചുരത്തിന്റെ പിതാവായി കാണുന്നത്. അതായത് 1750 മുതൽ 1799 വരെയുളള കാലത്താണ് കരിന്തണ്ടൻ ജീവിച്ചിരുന്നതായി കരുതുന്നത്. പക്ഷേ വഴി കാണിച്ചു കൊടുത്ത കരിന്തണ്ടനെ പിന്നീട്  ബ്രിട്ടീഷുകാർ കൊന്നുകളഞ്ഞുവെന്നാണ് പറയപ്പെടുന്നത്. 

വയനാട്ടിലേക്കും അതുവഴി മൈസൂരിലേക്കും യാത്രചെയ്യാൻ ചുരം വഴി പാത നിർമ്മിക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ പ്രധാന ലക്ഷ്യം. ഇതിനായി പല മാർഗ്ഗങ്ങളും ഇവർ സ്വീകരിച്ചു. എന്നാൽ എല്ലാം പരാജയപ്പെട്ടു. പിന്നീട് കാടിനെയും ഭൂപ്രകൃതിയെയും അറിയാവുന്ന കരിന്തണ്ടനെയാണ് ബ്രിട്ടീഷുകാർ സഹായത്തിന് കൂടെ കൂട്ടിയത്. അങ്ങനെ എഞ്ചിനീയർമാർ പുതിയ വഴി കണ്ടെത്തി. ആദിവാസിയുടെ സഹായത്തോടെ പാത കണ്ടെത്തിയത് നാണക്കേടായി മാറുകയും മറ്റാർക്കെങ്കിലും പുതിയ വഴി കാണിച്ചുകൊടുക്കുമോ എന്ന ഭയത്താലും കരിന്തണ്ടനെ ചങ്ങലയിൽ ബന്ധിച്ച് കൊല്ലുകയായിരുന്നു.

എന്നാൽ ആദിവാസി പണിയർ വിഭാഗത്തിലെ ആളുകൾ കരിന്തണ്ടന് സ്മാരകമായി അമ്പലം പണിയുകയും ചെയ്തു. ഇന്നും ചുരം കേറി ലക്കിടിയിൽ എത്തിയാൽ അമ്പലം കാണാൻ സാധിക്കും.

കാടിന്റെ ഭംഗിയും, കഥകളും, ചരിത്രവും പറയുന്ന ചുരം സ‍ഞ്ചാര പ്രിയരുടെ പ്രധാന പാതയാണ്. കോടമഞ്ഞും, വെളളച്ചാട്ടവും, കണ്ണിന് കുളിർമ പകരുന്നതാണ്. മുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ ഉറുമ്പുകളുടെ വലുപ്പത്തിൽ വാഹനങ്ങളും ഇട തൂർന്ന മലനിരകളും  മതിവരാത്ത കാനന കഴ്ച്ചയും വളരെയധികം കൊതിപ്പിക്കുന്നവയാണ്. കുട്ടികുരങ്ങന്മാരുടെ കൂടെയുളള ഫോട്ടോ എടുപ്പും സ‍ഞ്ചാരികൾക്ക് വിസ്മയമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More