Home> Kerala
Advertisement

വരാപ്പുഴ കസ്റ്റഡി മരണം: പൊലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി

പോലീസാണ് ഈ കേസില്‍ പ്രതിസ്ഥാനത്ത്. അപ്പോള്‍ ഈ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നത് ഉചിതമാണോ എന്ന് ഹൈക്കോടതി ചോദിച്ചു. സുപ്രീം കോടതി മുന്‍ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം.

വരാപ്പുഴ കസ്റ്റഡി മരണം: പൊലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി. കസ്റ്റഡി മരണങ്ങള്‍ പൊലീസ് അന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ സിബിഐ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. കേസ് ശരിയായ ദിശയിലാണ് പോകുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പോലീസിനെതിരെയുള്ള കേസ് പോലീസ് തന്നെ അന്വേഷിക്കുന്നതിലെ വൈരുധ്യം കോടതി ചൂണ്ടിക്കാട്ടി. പോലീസാണ് ഈ കേസില്‍ പ്രതിസ്ഥാനത്ത്. അപ്പോള്‍ ഈ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നത് ഉചിതമാണോ എന്ന് കോടതി ചോദിച്ചു. സുപ്രീം കോടതി മുന്‍ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം. 

കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലാം തിയതിയിലേക്ക് മാറ്റി. അന്ന് സംസ്ഥാന സര്‍ക്കാരും സിബിഐയും കേസില്‍ നിലപാട് അറിയിക്കണം.

ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് കസ്റ്റഡി മരണം സംബന്ധിച്ച പരാതിയില്‍ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ദക്ഷിണ മേഖല ഐജി അനില്‍കാന്താണ് അന്വേഷണ സംഘത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്.

വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിടണമെന്നും. അന്വേഷണം ഫലപ്രദമല്ലെന്നും പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി മരണപ്പെട്ട ശ്രീജിത്തിന്‍റെ ഭാര്യ അഖിലയാണ് ഹര്‍ജി നല്‍കിയത്. ഒരു കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Read More