Home> Kerala
Advertisement

യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോളേജിലെ സംഘര്‍ഷത്തിന്‍റെയും, ഉത്തരക്കടലാസ് ചോര്‍ച്ച എന്നീ ഗുരുതരമായ വീഴ്ചകള്‍ക്കും ഉത്തരവാദികള്‍ അധ്യാപകരാണെന്ന് വിദ്യാഭ്യാസ വകുപ്പ് നിരീക്ഷിച്ചിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകര്‍ക്ക് കൂട്ട സ്ഥലംമാറ്റം

തിരുവനന്തപുരം: സര്‍വകലാശാല പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം നടത്തിയതിന്‍റെ പേരില്‍ യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകര്‍ക്ക് കൂട്ട സ്ഥലമാറ്റം. 

കോളേജില്‍ സംഘര്‍ഷമുണ്ടായ സമയത്തെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് കെ.വിശ്വഭരന്‍ ഉള്‍പ്പെടെ 11 അധ്യാപകരെയാണ് സ്ഥലംമാറ്റിയത്. നേരത്തെ മൂന്ന് അധ്യാപകരെ സ്ഥലം മാറ്റിയിരുന്നു അതിനുപിന്നാലെയാണ് ഈ നടപടി.

കോളേജിലെ സംഘര്‍ഷത്തിന്‍റെയും, ഉത്തരക്കടലാസ് ചോര്‍ച്ച എന്നീ ഗുരുതരമായ വീഴ്ചകള്‍ക്കും ഉത്തരവാദികള്‍ അധ്യാപകരാണെന്ന് വിദ്യാഭ്യാസ വകുപ്പ് നിരീക്ഷിച്ചിരുന്നു. മാത്രമല്ല വിദ്യര്‍ത്ഥികള്‍ക്കിടയിലുണ്ടായ അപകടകരമായ ക്രിമിനല്‍ കൂട്ടായ്മകള്‍ വേണ്ട സമയത്ത് ശ്രദ്ധിച്ചില്ല എന്നതും നടപടിക്ക് കാരണമായി പറയുന്നു.

കൃത്യമായി ക്ലാസ് എടുക്കാതെ ഉഴപ്പി നടക്കുന്ന അധ്യാപകര്‍, പഞ്ചിംഗ് നടത്താത്തവര്‍, വര്‍ഷങ്ങളായി യൂണിവേഴ്സിറ്റി കോളേജില്‍ തന്നെ പഠിപ്പിക്കുന്നവര്‍ എന്നിവരുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

ഇത് ലഭിച്ചതിന് പിന്നാലെയാണ് 11 അധ്യാപകരെ വിവിധകോളേജുകളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.

ഉത്തരക്കടലാസുകളുടെ ചുമതലയുണ്ടായിരുന്ന പ്രൊഫ. ഇ.അബ്ദുൾ ലത്തീഫിനെയും യൂണിയൻ ഉപദേശകനായിരുന്ന വി.എസ്.വിനീതിനെയും സ്ഥലംമാറ്റിയിട്ടുണ്ട്. സിപിഎം അനുകൂല അധ്യാപക സംഘടനയായ എകെജിസിടിയുടെ കോളേജിലെ ഫ്രാക്ഷൻ ചുമതലയുള്ള ആനന്ദ് ബി ദിലീപ് രാജിനെയും സ്ഥലംമാറ്റി.

എന്നാൽ ഗവർണർ ഇടപെട്ടു സർവകലാശാലയോട് കൃത്യമായ റിപ്പോർട്ട് ചോദിച്ചതാണ് കൂടുതൽ നടപടിയിലേക്കു നയിച്ചത് എന്നാണ് അധ്യാപക സംഘടനകളിലുള്ളവർ പറയുന്നത്. 

അധ്യാപകരുടെ പ്രശ്നങ്ങളിൽ പോലും വിദ്യാർത്ഥി ക്രിമിനലുകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്താറുള്ള സംഭവങ്ങളും മറ്റു വിദ്യാർത്ഥി സംഘടനാ ആഭിമുഖ്യമുള്ളവർ വഴി ഗവർണറെ നേരിട്ടുകണ്ടു നിവേദനരൂപത്തിൽ അറിയിച്ചിരുന്നു.

Read More