Home> Kerala
Advertisement

വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കോഴിക്കോട്: കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. 

ഇന്ന് 2:30തോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുന്ന വസന്തകുറിന്‍റെ മൃതദേഹം ജില്ലാ കലക്ടറടങ്ങുന്ന സംഘം ഔദ്യോഗിക ബഹുമതികളോടെ ഏറ്റുവാങ്ങും. വസന്തകുമാറിന്‍റെ തൊട്ടടുത്ത ബന്ധുക്കളും വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന്‍ സജീവന്‍ പ്രതികരിച്ചിരുന്നു.
 
വസന്തകുമാര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ലക്കിടി എല്‍പി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് തൃക്കേപ്പറ്റ വഴക്കണ്ടിയിലെ കുടുംബശ്മശാനത്തില്‍ സംസ്‌കാര ചടങ്ങ് നടക്കും. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി.പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനും ചടങ്ങുകളില്‍ പങ്കെടുക്കും. 

പതിനെട്ട് വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷമാണ് വി.വി വസന്തകുമാര്‍ വീരമൃത്യു വരിക്കുന്നത്. രണ്ട് വര്‍ഷത്തെ സേവനം കൂടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയത്. പിന്നാലെ ബന്ധുക്കളെ തേടി എത്തിയത് ദുരന്തവാര്‍ത്തയായിരുന്നു.

വയനാട് വൈത്തിരി വില്ലേജിലെ ലക്കിടി കുന്നത്തിടവക പരേതനായ വാഴക്കണ്ടി വാസുദേവന്‍റെയും ശാന്തയുടെയും മകനാണ് വി.വി വസന്തകുമാർ. വിവി വസന്തകുമാറിന്‍റെ പിതാവ് എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ്‌ അന്തരിച്ചത്‌. 
ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയതാണ് കുടുംബം. 

 

 

Read More