Home> Kerala
Advertisement

അമിത്ഷായുമായി ടി.പി.സെന്‍കുമാര്‍ കൂടിക്കാഴ്ച നടത്തി; അഞ്ച് പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു

സെന്‍കുമാറിനെ കൂടാതെ പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ്മ, നാരായണ വര്‍മ്മ എന്നിവരും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി.

അമിത്ഷായുമായി ടി.പി.സെന്‍കുമാര്‍ കൂടിക്കാഴ്ച നടത്തി; അഞ്ച് പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. സെന്‍കുമാറിനെ കൂടാതെ പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ്മ, നാരായണ വര്‍മ്മ എന്നിവരും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി.

അതിനിടെ കോണ്‍ഗ്രസ് നേതാവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനുമായിരുന്ന ജി.രാമന്‍ നായര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍അംഗം പ്രമീളാ ദേവി, മലങ്കര സഭാംഗം സി.തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ നായര്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു.  

അമിത് ഷാ ഇവരെ ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു. ഉചിതമായ സ്ഥാനം നൽകുമെന്ന് അമിത് ഷാ രാമൻ നായർക്ക് ഉറപ്പുനൽകി. ശബരിമല വിഷയം ഉയർത്തിപ്പിടിച്ചതിന്‍റെ പേരിലാണ് കോൺഗ്രസിൽ നിന്നും തനിക്കു ശിക്ഷയുണ്ടായതെന്നും ക്ഷേത്രവിഷയത്തിൽ ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അമിത് ഷായെ അറിയിച്ചു. ശബരിമല സമരം കൂടുതൽ ശക്തമാക്കാൻ കേന്ദ്രത്തിന്‍റെ പിന്തുണയുണ്ടാകുമെന്ന് അമിത് ഷാ സംസ്ഥാന നേതാക്കൾക്ക് ഉറപ്പുനൽകി.

കാസര്‍ഗോഡ് മുതൽ പമ്പ വരെ രഥയാത്ര നടത്താൻ സംസ്ഥാന നേതൃത്വം അനുമതി തേടിയിട്ടുണ്ട്. പന്തളത്തുനിന്നും തിരുവനന്തപുരത്തേക്കു നടത്തിയ ലോങ്ങ്‌ മാർച്ച് വലിയ വിജയമായെന്നു നേതാക്കൾ അറിയിച്ചു. എൻഡിഎയിലേക്ക് ജാനുവിനെ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകൾ ദേശീയ അധ്യക്ഷൻ ആരാഞ്ഞു. ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക് പരമാവധി തടയണമെന്നാണു നിർദേശം. എസ്എൻഡിപിയെക്കൂടി ശബരിമല സമരത്തിൽ സജീവമായി പങ്കെടുപ്പിക്കണമെന്ന നിർദേശവും അമിത് ഷാ നൽകി.

ലോക്സസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെപ്പറ്റി പാർട്ടി സംസ്ഥാന പ്രസിഡന്റ് പിഎസ്. ശ്രീധരൻ പിള്ള, വി.മുരളീധരൻ എംപി, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവരുമായി ചർച്ച നടത്തി. ഇന്ന് രാവിലെ പത്തിന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴുത ശേഷം അമിത് ഷാ ന്യൂഡൽഹിയിലേയ്ക്കു മടങ്ങും.

Read More