Home> Kerala
Advertisement

കൊല്ലപ്പെട്ട സനലിന്‍റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി

ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഐഎമ്മിന്‍റെ നിലപാട് അപലപനീയമാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

കൊല്ലപ്പെട്ട സനലിന്‍റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്‍റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി എംപിയും നടനുമായ സുരേഷ് ഗോപി എത്തി. വീട് പണയം വെച്ച് വനിത വികസന കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്‍കി. 

ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഐഎമ്മിന്‍റെ നിലപാട് അപലപനീയമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി സുരേഷ് ഗോപി സനലിന്‍റെ കുടുംബത്തെ കണ്ടതിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. 

നിലവില്‍ 35 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് സനലിന്റെ കുടുംബം പറയുന്നത്. ഇതില്‍ മുഴുവനും അടച്ച്‌ തീര്‍ക്കാന്‍ കഴിയില്ലെങ്കിലും വനിതാ കോര്‍പ്പറേഷനില്‍ നിന്നും വീട് പണയപ്പെടുത്തി എടുത്ത മൂന്ന് ലക്ഷം രൂപ തിരിച്ചടയ്‌ക്കാന്‍ സഹായിക്കാമെന്നാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം

അതേസമയം സനലിന്‍റെ ഭാര്യ വിജി നടത്തുന്ന സത്യാഗ്രഹ സമരം 16 മത്തെ ദിവസത്തിലേക്ക് കടന്നു. വിജിയും കുടുംബവും ഇന്ന് പട്ടിണി സമരം നടത്തുകയാണ്. ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ് പട്ടിണി സമരം.

വിജിയുടെ കുടുംബത്തിന് തന്നാല്‍ കഴിയുന്ന ചെറിയൊരു കൈത്താങ്ങ് മാത്രമാണ് നല്‍കുന്നതെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. വനിതാ കോര്‍പ്പറേഷനില്‍ നിന്നും എടുത്ത വായ്‌പയില്‍ ജപ്‌തി നടപടികള്‍ ഒഴിവാക്കുന്ന നടപടികള്‍ നാളെത്തന്നെ സ്വീകരിക്കും. 

എന്നാല്‍ സനലിന്‍റെ കുടുംബം ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സമരം ഉപാധികളോടെ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത് അപഹാസ്യമാണെന്നും സമരം അവസാനിപ്പിക്കാന്‍ ഇന്ന് തന്നെ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചെന്ന് വാര്‍ത്താസമ്മേളനം നടത്തിയാല്‍ സാമ്പത്തിക സഹായവും ജോലിയും നല്‍കാമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചതായിട്ടാണ് ഇന്നലെ സനലിന്റെ ഭാര്യ പിതാവ് വര്‍ഗീസ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സനലിന്റെ ഭാര്യ പിതാവിനെ സിപിഐഎം ജില്ലാ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് സമരം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

സമരം നിര്‍ത്തിയാല്‍ നഷ്ടപരിഹാരം വാങ്ങി തരാമെന്നും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസെറ്റിയില്‍ ജോലി നല്‍കാമെന്നും പറഞ്ഞതായി വിജിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നിഷേധിക്കുമെന്നും ആനാവൂര്‍ പറഞ്ഞതായും വര്‍ഗീസ് പറഞ്ഞു. ആന്‍സലന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കോടിയേരിയുമായി ചര്‍ച്ച ചെയ്യാമെന്നും ജില്ലാ സെക്രട്ടറി വാഗ്ദാനം ചെയ്തുവെന്നും വര്‍ഗീസ് വെളിപ്പെടുത്തി.

നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. 

നെയ്യാറ്റിന്‍കര മുന്‍ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് സനലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. 35 ലക്ഷത്തിന്റെ കടബാധ്യത കൊല്ലപ്പെട്ട സനലിനുണ്ട്. ഇതിന്‍റെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സര്‍ക്കാരിന് നല്‍കിയിരുന്നു.

Read More