Home> Kerala
Advertisement

ഷുഹൈബ് വധം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

എടയന്നൂരില്‍ യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപെരെകൂടി പോലീസ് അറസ്റ്റ് ചെയ്തു.

ഷുഹൈബ് വധം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: എടയന്നൂരില്‍ യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപെരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. 

മട്ടന്നൂര്‍ പാലയോട് സ്വദേശി സഞ്ജയ്, രജത്ത് എന്നിവരാണ് അറസ്റ്റിലായത്. ശുഹൈബ് വധവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്. നാലുപേര്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരാണ്.
ഗൂഢാലോചന, ആയുധം ഒളിപ്പിക്കല്‍ എന്നിവയില്‍ സഞ്ജയിന് പങ്കുണ്ടെന്ന് പൊലിസ് പറഞ്ഞു. രജത്താണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത്.

അതേസമയം, അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരെ ഇന്നലെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തതിനു ശേഷം അന്വേഷണസംഘം ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 

കൊലപാതകത്തിനുപയോഗിച്ചതെന്നു കരുതുന്ന ആയുധങ്ങളും ഇന്നലെ പോലീസ് കണ്ടെത്തിയിരുന്നു. മൂന്ന് വാളുകളാണ് ഇന്നലെ ഉച്ചയോടെ സമീപത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ കണ്ടെത്തിയത്. 

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഷുഹൈബിനെ വധിക്കാനുപയോഗിച്ച ആയുധം ഇതുവരെ പോലിസ് കണ്ടെത്താത്തത് എന്തുകൊണ്ടാണ് എന്ന് കോടതി ചോദിച്ചിരുന്നു. പിറ്റേന്നാണ് പോലിസ് ആയുധം കണ്ടെത്തുന്നത്. 

അതേസമയം, കോടതി വിമര്‍ശിച്ചതിനു പിന്നാലെ പോലീസ് കഴിഞ്ഞ ദിവസം ആയുധം കണ്ടെടുത്തതിൽ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ അഭിപ്രായപ്പെട്ടു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ശുഹൈബിനെ വെട്ടാൻ അക്രമി സംഘം ഉപയോഗിച്ചത് മഴുവാണ്. പോലീസ് ബുധനാഴ്ച മട്ടന്നൂരിൽ നിന്നും കണ്ടെടുത്തത് വാളുകളാണ്. അതിനാൽ തന്നെ പോലീസ് നടപടി സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Read More