Home> Kerala
Advertisement

പ്രിയ വാര്യരുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളേക്ക് മാറ്റി

ഗാനം നിരോധിക്കണം എന്നാവശ്യപ്പെട്ട് റാസ അക്കാദമി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കത്തയച്ചിരുന്നു

പ്രിയ വാര്യരുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളേക്ക് മാറ്റി

ന്യൂഡല്‍ഹി: അനാവശ്യ പരാതികള്‍ നല്‍കി തന്‍റെ മൗലികാവകാശം ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ അഭിനേത്രി പ്രിയ വാര്യര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളേക്ക് മാറ്റി. 

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന അഭിഭാഷകന്‍റെ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ചിത്രത്തിലെ ഗാനത്തിലെ വരികളില്‍ പ്രവാചകനെയും ഭാര്യയെയും പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി നിരവധി കേസുകള്‍ പ്രിയ വാര്യര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരെയാണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്.

ഗാനം നിരോധിക്കണം എന്നാവശ്യപ്പെട്ട് റാസ അക്കാദമി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. മാണിക്യമലരായ പൂവി എന്ന ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഹൈദരാബാദില്‍ ഒരു സംഘം യുവാക്കളും പ്രിയയ്ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനും എതിരായി പരാതി നല്‍കിയിരുന്നു. 

ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഗാനം കാലങ്ങളായി കേരളത്തിലെ മലബാര്‍ മേഖലയില്‍ പാടിവരുന്ന മാപ്പിളപ്പാട്ടാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്നതൊന്നും ഗാനത്തില്‍ ഇല്ലെന്നും പ്രിയ ഹര്‍ജിയില്‍ പറയുന്നു. ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട പ്രിയയുടെ കണ്ണിറുക്കല്‍ യുട്യൂബില്‍ വമ്പന്‍ ഹിറ്റായതിനെത്തുടര്‍ന്നാണ് വിവാദങ്ങളും സജീവമായത്. 

Read More