Home> Kerala
Advertisement

മന്ത്രിയാവാന്‍ ഊഴം കാത്ത് വീണ്ടും ശശീന്ദ്രന്‍, ചര്‍ച്ചയ്ക്കായി നേതാക്കള്‍ ഡല്‍ഹിക്ക്

ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനാക്കിയതോടെ മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ പാര്‍ട്ടിയില്‍ തുടങ്ങി.

മന്ത്രിയാവാന്‍ ഊഴം കാത്ത് വീണ്ടും ശശീന്ദ്രന്‍, ചര്‍ച്ചയ്ക്കായി നേതാക്കള്‍ ഡല്‍ഹിക്ക്

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനാക്കിയതോടെ മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ പാര്‍ട്ടിയില്‍ തുടങ്ങി. തോമസ് ചാണ്ടിയുടെ രാജിയോടെ ഒഴിഞ്ഞു കിടക്കുന്ന ഗതാഗതമന്ത്രി പദവയിലേക്ക് എത്രയും പെട്ടെന്ന് എ.കെ ശശീന്ദ്രനെ എത്തിക്കാനാണ് നേതൃത്വത്തിന്‍റെ നീക്കം.

വിധി വന്നയുടന്‍ തന്നെ നേതാക്കള്‍ ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ ചര്‍ച്ചയ്ക്കായി എന്‍.സി.പി നേതാക്കള്‍ നാളെ ഡല്‍ഹിയിലേക്ക് തിരിക്കുന്നുമുണ്ട്. ദേശീയ നേതൃത്വവുമായി തിങ്കളാഴ്ചയാണ് ചര്‍ച്ച . ഇതിന് ശേഷം പറ്റുമെങ്കില്‍ അന്നു തന്നെ ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് നെടുമങ്ങാട് സ്വദേശിനി നല്‍കിയ ഹര്‍ജി കോടതി തള്ളി.

ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തക കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയത് ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയില്‍വെച്ച് മോശമായി പെരുമാറിയിട്ടില്ലെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ മൊഴി. 

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ നിലവിലുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ സാധ്യതയുണ്ടെന്നും ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നും ആവശ്യപ്പെട്ട് നെടുമങ്ങാട് സ്വദേശിനി ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയത്. 

ശശീന്ദ്രന്റെ രാജിക്ക് ശേഷം മന്ത്രിയായ തോമസ് ചാണ്ടിക്കും ഭൂമി കൈയേറ്റ വിവാദവുമായി ബന്ധപ്പെട്ട് രാജിവെക്കേണ്ടി വന്നത് സംസ്ഥാന ഘടകത്തിനും ദേശീയ നേതൃത്വത്തിനും ക്ഷീണമുണ്ടാക്കിയിരുന്നു. പാര്‍ട്ടിയുടെ ഏക മന്ത്രിസ്ഥാനം നിലനിര്‍ത്തേണ്ടതിനാല്‍ ശശീന്ദ്രന്‍ കുറ്റവിമുക്തനാകേണ്ടത് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിന്റെയും ആവശ്യവുമായിരുന്നു. നാളെ രാവിലെ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും സംസ്ഥാന പ്രതിനിധികളും ഡല്‍ഹിയിലേക്ക് തിരിക്കും. തിങ്കളാഴ്ചയാണ് ചര്‍ച്ച.

 

Read More