Home> Kerala
Advertisement

മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് പോലീസ്; പിന്നോട്ടില്ലെന്ന് യുവതികള്‍

എത്ര വലിയ പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍ പറഞ്ഞു.

മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് പോലീസ്; പിന്നോട്ടില്ലെന്ന് യുവതികള്‍

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായെത്തിയ രണ്ടു മലയാളി യുവതികളെ മരക്കൂട്ടത്ത് വീണ്ടും തടഞ്ഞു. ശരണം വിളികളുമായെത്തിയ പ്രതിഷേധക്കാരാണു യുവതികളെ തടഞ്ഞത്. നേരത്തെ അപ്പാച്ചിമേട്ടില്‍ ഇരുവരെയും തടഞ്ഞിരുന്നെങ്കിലും പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കി. 

കനത്ത പൊലീസ് സുരക്ഷയിലാണു യുവതികള്‍ മലകയറിയത്. സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും നിലയ്ക്കലിലെത്തിയ ഇവര്‍ക്ക് പൊലീസ് സുരക്ഷനല്‍കുകയായിരുന്നു. ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പൊലീസ് യുവതികളെ അറിയിച്ചു. എന്നാല്‍ പിന്നോട്ടില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണു യുവതികള്‍. 

കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണു മലകയറാനെത്തിയത്. മലയിറങ്ങി വന്ന വിശ്വാസികളാണു യുവതികളെ തടഞ്ഞത്. വലിയ തോതിലുള്ള നാമജപ പ്രതിഷേധമാണ് ഇരുവര്‍ക്കുമെതിരെ ഉയരുന്നത്. 

അതേസമയം, എത്ര വലിയ പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍ പറഞ്ഞു. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികള്‍ക്ക് മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പൊലീസാണെന്നും യുവതികള്‍ പ്രതികരിച്ചു.

അതിനിടെ, മലപ്പുറത്ത് കനകദുര്‍ഗയുടെ വീടിനു മുന്നിലും പ്രതിഷേധമുയരുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ അവരുടെ വീടിന് മുന്നില്‍ നാമജപ പ്രതിഷേധം നടത്തുകയാണ്.

Read More