Home> Kerala
Advertisement

ശബരിമല: വിശാല ബെഞ്ചിന്‍റെ രൂപീകരണം ചട്ടവിരുദ്ധമോ? വിധി ഇന്ന്

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുന്നത്‌.

ശബരിമല: വിശാല ബെഞ്ചിന്‍റെ രൂപീകരണം ചട്ടവിരുദ്ധമോ? വിധി ഇന്ന്

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിശാല ബെഞ്ചിന്‍റെ രൂപീകരണം ചട്ടവിരുദ്ധമോ അല്ലയോ എന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ വിധി ഇന്ന്.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുന്നത്‌. സുപ്രീംകോടതി ചട്ടത്തിലെ ആറാം വകുപ്പ് പ്രകാരം പുന:പരിശോധന ഹര്‍ജിയില്‍ വിശാല ബെഞ്ച് രൂപീകരിക്കാനാകില്ല എന്ന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ഉയര്‍ത്തിയ എതിര്‍പ്പിലാണ് സുപ്രീം കോടതിയില്‍ വാദം നടന്നത്.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുന പരിശോധന ഹർജികളിൽ ആദ്യം തീർപ്പ് കല്‍പ്പിക്കണമെന്നും നരിമാൻ ആവശ്യപ്പെട്ടിരുന്നു. നരിമാന്‍റെ വാദത്തെ പിന്തുണച്ച് കേരള സർക്കാരും രംഗത്തെത്തിയിരുന്നു. 

അതേസമയം വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ല എന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ വാദം. മാത്രമല്ല വിശാലബെഞ്ചിന് മുന്നിലുള്ള പരിഗണനാവിഷയങ്ങള്‍ക്ക് ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുന:പരിശോധന ഹര്‍ജികളുമായി ബന്ധമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേസില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി  തിങ്കളാഴ്ച വിശാല ബെഞ്ചിലെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുമെന്നും ബുധനാഴ്ച മുതല്‍ അന്തിമവാദം കേള്‍ക്കല്‍ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.

വിശാല ബെഞ്ചിനെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ തള്ളിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പുന:പരിശോധന ഹര്‍ജികളില്‍ തീര്‍പ്പാക്കണമെന്ന് കോടതി വിധിച്ചാല്‍ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ അത് നിര്‍ണ്ണായകമാകും.

ശബരിമല യുവതി പ്രവേശനത്തിന് പുറമേ ചേലാകര്‍മ്മം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം തുടങ്ങിയ വിഷയങ്ങളാണ് വിശാലബെഞ്ചിന്‍റെ പരിഗണനയിലുള്ളത്.

Read More