Home> Kerala
Advertisement

ജസ്റ്റ് കോൺഗ്രസ് തിങ്സ്! പ്രവർത്തക സമിതി ക്ഷണിതാവ് ബിജെപിയിലേക്കെന്ന്? തോമസ് മാഷെ വെട്ടാൻ വരട്ടെ

കെവി തോമസിനെതിരെ നടപടിയെ കുറിച്ച് ആലോചിക്കുന്ന ഘട്ടത്തിലാണ് കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ ദിഗംബർ കാമത്ത് ബിജെപിയിലേക്ക് എന്ന രീതിയിൽ വാർത്തകൾ വരുന്നത്. ഗോവ മുൻ മുഖ്യമന്ത്രി കൂടിയാണ് കാമത്ത്

ജസ്റ്റ് കോൺഗ്രസ് തിങ്സ്! പ്രവർത്തക സമിതി ക്ഷണിതാവ് ബിജെപിയിലേക്കെന്ന്? തോമസ് മാഷെ വെട്ടാൻ വരട്ടെ

പനാജി: സിപിഎം സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ അച്ചടക്ക നടപടി കാത്തിരിക്കുന്ന കെവി തോമസിന് ഇനി അൽപം സന്തോഷിക്കാം. അച്ചടക്ക നടപടിയെക്കുറിച്ച് നടപടികൾ സ്വീകരിക്കേണ്ട കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവ് ദിഗംബർ കാമത്ത് പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായി. മുൻ ഗോവ മുൻ മുഖ്യമന്ത്രിയായ  ദിഗംബർ കാമത്ത് നിലവിൽ മാർഗോവ എംഎൽഎയാണ്. 

ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന കാമത്തിനെ പല കൂടിയാലോചനകളിലും കോൺഗ്രസ് നേതൃത്വം മാറ്റി നിർത്തി. കോൺഗ്രസ് നേതൃത്വം കാലങ്കൂട്ട് എംഎൽഎ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവായി നിയമിച്ചതോടെയാണ് കാമത്ത് ക്യാമ്പിൽ അസ്വാരസ്യം പ്രകടമായത്.
ഗോവയിൽ പാർട്ടി അധ്യക്ഷനെ നിയമിക്കുന്നതിന് മുമ്പ് മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കറുമായി കൂടിയാലോചിച്ചിരുന്നില്ല. ഇതോടെ കാമത്തിന്റെ വീട്ടിൽ ഏറ്റവും അടുത്ത അനുയായികൾ യോഗം ചേർന്നു. യോഗത്തിൽ  കോൺഗ്രസ് നേതൃത്വത്തോടുള്ള രോഷം പ്രകടിപ്പിക്കുകയും ധീരമായ നിലപാട് സ്വീകരിക്കാൻ കാമത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. 

Read Also: കെ.വി തോമസിന് കാരണം കാണിക്കൽ നോട്ടീസ്; ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് അച്ചടക്ക സമിതി

അതിനിടയിൽ കാമത്ത് ഭാര്യയോടൊപ്പം ഡൽഹിയിൽ പോയത് ഗോവയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമാകാൻ വഴിയൊരുക്കി. എന്നാൽ ഇതെല്ലാം വെറും കിംവദന്തികളാണെന്നും  താൻ ബിജെപിയിൽ ചേരാൻ ഉദ്ദേശിക്കുന്നുവെന്ന വാർത്തകൾ തികച്ചും അസത്യമാണെന്നും കാമത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭാര്യയോടൊപ്പം ഒരു സുഹൃത്തിന്റെ വിവാഹത്തിനായിട്ടാണ് ഡൽഹിയിൽ പോയതെന്നായിരുന്നു വിശദീകരണം. 

Read Also: പ്രഖ്യാപിത ശത്രു, കെ.വി തോമസിനെ ഇനി ആവശ്യമില്ലെന്ന് കെ. സുധാകരൻ

കെ വി തോമസിനെതിരെയുള്ള പരാതി അച്ചടക്ക സമിതിക്ക് മുന്നിൽ നിൽക്കുമ്പോഴാണ് ദിഗംബർ കാമത്തും സംഘവും സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങൾ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന് തലവേദനയായിരിക്കുന്നത്. തോമസിനെതിരെ കടുത്ത നടപടികൾ ഉണ്ടാകാനും സാധ്യത കുറവാണ്.  നിരവധി നേതാക്കന്മാർ കോൺഗ്രസ് വിട്ടു മറ്റുപാർട്ടികളിലേക്ക് ചേക്കേറുമ്പോൾ വീണ്ടും കടുത്ത നടപടികൾ എടുക്കാതെ പ്രശ്നം പരിഹരിക്കാനാണ് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ശ്രമിക്കുന്നത്.  കെവി തോമസിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ എകെ ആന്റണി അധ്യക്ഷനായ സമിതി ഒരിക്കലും തയ്യാറാകില്ല. അതിനൊപ്പം കെ സുധാകരന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടാതിരിക്കാനുള്ള കരുതൽ എടുക്കുകയും വേണം. ഇരുവർക്കും ദോഷം ഉണ്ടാകാത്ത വിധത്തിൽ പ്രശ്നം ഏങ്ങനെ പരിഹരിക്കാമെന്ന ആലോചനയിലാണ് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More