Home> Kerala
Advertisement

ചൂട് കൂടുന്നു; ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

ഉഷ്ണതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം.

ചൂട് കൂടുന്നു; ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഉഷ്ണതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം. 

വേനലില്‍ സൂര്യാതപത്തിനൊപ്പം പകര്‍ച്ച വ്യാധികള്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ‌വരും ദിനങ്ങളില്‍ ജലജന്യരോഗങ്ങളും കൊതുകുജന്യരോഗങ്ങളും പടരാന്‍ സാധ്യതയേറെയാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വേനല്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നിരിക്കെ സൂര്യാതപത്തോടൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും വ്യാപകമാകാനിടയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

മഞ്ഞപിത്തം, ചിക്കന്‍പോക്‌സ്, ഡെങ്കിപ്പനി, കോളറ, ഹെപ്പറ്റൈറ്റിസ്-എ തുടങ്ങിയവ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതയിലൂടെ സ്വീകരിച്ച്‌ വരികയാണ്. ജനങ്ങളും ഇത് പാലിക്കണമെന്ന് വകുപ്പ് ആഭ്യര്‍ത്ഥിക്കുന്നു.

തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. ശേഖരിച്ചുവെച്ച വെള്ളത്തില്‍ കൊതുകുവളരുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ശരീരതാപം ക്രമാതീതമായി ഉയര്‍ന്നാല്‍ ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിയിടിപ്പ്. അബോധാവസ്ഥ തുടങ്ങിയവക്കും സാധ്യതയുണ്ട്. ഇങ്ങനെയുണ്ടായാല്‍ ഉടന്‍ തന്നെ ചികില്‍സ തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത ചൂടാണ് സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്നത്. ഇന്നും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 37 ഡിഗ്രിവരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതിയും നിര്‍ദേശിച്ചിട്ടുണ്ട്.

സൂര്യാഘാതം ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍:-

- രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. 
- നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതുക
- പരമാവധി ശുദ്ധജലം കുടിക്കുക
- അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക

കൂടാതെ, വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. 
ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. 

താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്.

 

Read More