Home> Kerala
Advertisement

ആവേശത്തിരയിളക്കി രാഹുല്‍ ഗാന്ധി വയനാട്ടില്‍...

പിതാവ് രാജിവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ നാട്ടില്‍ രാഹുലും പ്രിയങ്കയും!!

ആവേശത്തിരയിളക്കി രാഹുല്‍ ഗാന്ധി വയനാട്ടില്‍...

വയനാട്: പിതാവ് രാജിവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ നാട്ടില്‍ രാഹുലും പ്രിയങ്കയും!!

രാജ്യം ഉറ്റുനോക്കുന്ന ത്രികോണ മത്സരത്തിനു കളമൊരുങ്ങിയ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍  രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 45 ഓടെ കലക്ടറേറ്റിലെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 

രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, കെ. സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, കോഴിക്കോട് ഡി.സി.സി അദ്ധ്യക്ഷന്‍ ടി സിദ്ദിഖ്, മലപ്പുറം ഡി.സി.സി അദ്ധ്യക്ഷന്‍ വി.വി പ്രകാശ് എന്നിവരാണ് കളക്ട്രേറ്റില്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. നാല് സെറ്റ് പത്രികകളാണ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്.

രാഹുലും പ്രിയങ്കയും എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടിലെ താല്‍ക്കാലിക ഹെലിപാഡില്‍ വന്നിറങ്ങിയതുമുതല്‍ ഇരുവരേയും കാണാന്‍ വന്‍ ജനാവലിയാണ് ഒത്തുകൂടിയത്. കനത്ത ചൂടിലും, കേരളത്തിന്‍റെ ചരിത്രത്തില്‍ കണ്ടിട്ടില്ലാത്തവിധം വന്‍ ജനാവലിയായിരുന്നു ഇരു നേതാക്കളേയും ഒരു നോക്കുകാണാന്‍ ഒത്തുകൂടിയത്. തുറന്ന വാഹനത്തില്‍ റോഡ് ഷോയുടെ അകമ്പടിയോടെയാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. 

തുറന്ന വാഹനത്തില്‍ കനത്ത സുരക്ഷയില്‍ രാഹുലും പ്രിയങ്കയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മുന്നോട്ട് നീങ്ങിയപ്പോള്‍ ജനങ്ങളുടെ ആവേശത്തെ നിയന്ത്രിച്ച് നിയന്ത്രിച്ച് നിര്‍ത്താന്‍ ചെറുതായൊന്നുമല്ല സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പണിപ്പെടേണ്ടി വന്നത്.

ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന്ശേഷം പറഞ്ഞു. ബഹുസ്വരതക്ക് എതിരെയുള്ള കടന്നാക്രമണമാണ് മോദിയുടേത്. ദക്ഷിണേന്ത്യയെ മോദി അവഗണിച്ചു. പത്രിക സമര്‍പ്പണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കൂടാതെ, സിപിഎമ്മിലെ എന്‍റെ സഹോദരി സഹോദരന്‍മാര്‍ ഇപ്പോള്‍ എനിക്കെതിരെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്ന് എനിക്കറിയാം. എന്നാല്‍ ഞാനൊരു കാര്യം പറയുന്നു, എന്‍റെ പ്രചാരണത്തില്‍ ഒരു വാക്ക് പോലും ഞാന്‍ സിപിഎമ്മിനെതിരെ സംസാരിക്കില്ല. എന്‍റെ മുഖ്യ ശത്രു ബിജെപി മാത്രമാണ്. ഒരു സന്ദേശം നല്‍കുക മാത്രമാണ് ഇവിടെ മത്സരിക്കുന്നതിന്‍റെ ലക്ഷ്യമെന്നും രാഹുല്‍ വ്യക്തമാക്കി.

തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് അതിന്‍റെ എല്ലാ അര്‍ഥത്തിലും ആവേശത്തിലും പ്രവര്‍ത്തകര്‍ പൂര്‍ണ്ണ വരവേല്‍പ്പ് നല്‍കിയപ്പോള്‍ നിങ്ങളോടൊപ്പം എന്ന് വിളിച്ച് പറയും വിധമായിരുന്നു രാഹുലിന്‍റെയും പ്രിയങ്കയുടേയും ഓരോ വാക്കുകളും ചലനങ്ങളും. ബാനറുകളുടെയും മുദ്രാവാക്യം വിളിയുടെ ആവേശവും ഉള്‍കൊണ്ട് ഇരുനേതാക്കളും മടങ്ങി. ഇനിയറിയേണ്ടത് രാഹുലിനെ കാണാനെത്തിയ ജനക്കൂട്ടം വോട്ടാവുമോ എന്നാണ്. അങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷത്തിലായിരിക്കും രാഹുലിന്‍റെ വിജയവും!!

 

 

Read More