Home> Kerala
Advertisement

ശബരിമല യുവതി പ്രവേശന വിധി: സംസ്ഥാനത്ത് കനത്ത ജാഗ്രത!!

വിധി ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും വിദ്വേഷം പരത്തുന്നവര്‍ക്കെതിരെയും നടപടി.

ശബരിമല യുവതി പ്രവേശന വിധി: സംസ്ഥാനത്ത് കനത്ത ജാഗ്രത!!

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം

ശബരിമലയുടെ മറവില്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 

വിധി ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും വിദ്വേഷം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കു൦. 

അയോധ്യ വിധിയ്ക്കു ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ മറ്റൊരു ബെഞ്ച് വിധി പറയേണ്ട മറ്റൊരു പ്രധാന കേസാണ് ശബരിമല യുവതി പ്രവേശനം.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 56 റിവ്യൂ ഹര്‍ജികളിലാണ് കോടതി തീരുമാനമെടുക്കുക.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ അമ്പത്തഞ്ചോളം പുനഃപരിശോധനാ ഹർജികളില്‍ വാദംകേട്ടത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ്. 

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങുന്ന ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നാളെ നേതൃത്വം നല്‍കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനു മുന്‍പ് ഈ കേസില്‍ വിധി പ്രസ്താവം ഉണ്ടായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച്‌ സുപ്രീം കോടതി ഭരണഘടനബെഞ്ച് വിധി പ്രസ്താവിച്ചത്.

അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍, എഎം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ആരാധനക്ക് എല്ലാവര്‍ക്കും തുല്യാവകാശമാണെന്നായിരുന്നു ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും അഭിപ്രായപ്പെട്ടത്.

അതേ സമയം, ബെഞ്ചിനെ ഏക വനിതാ ജഡ്ജായ ഇന്ദു മല്‍ഹോത്ര വിധിയോട് വിയോജിച്ചു. മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തി അളക്കാന്‍ സാധ്യമല്ലെന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്.

സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് റിവ്യൂ ഹര്‍ജിളില്‍ ഫെബ്രുവരി ആറിന് വാദം കേള്‍ക്കല്‍ അവസാനിച്ചിരുന്നു.

ശബരിമല കൂടാതെ റാഫേല്‍ കേസിലും ഗൊഗോയ് നാളെ വിധി പറയും. ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുളള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെയാണ് റാഫേല്‍ ഹര്‍ജി.

Read More