Home> Kerala
Advertisement

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും: ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കില്ല

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും: ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കില്ല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഓഖി ദുരന്തം വിലയിരുത്താനായെത്തുന്ന പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കില്ല. പകരം രാജ്ഭവനില്‍ ചേരുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ തീരദേശ സന്ദര്‍ശനം ഒഴിവാക്കിയിരിക്കുന്നത്. ഒരു മണിക്കൂര്‍ മാത്രമായിരിക്കും നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഉണ്ടാവുക.

ഓഖി ദുരന്തബാധിതരെ സന്ദർശിക്കുന്നതിനായി നരേന്ദ്ര മോദി കേരളത്തിലെത്തും എന്നായിരുന്നു മുമ്പ് ലഭിച്ചിരുന്ന സൂചന. ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ലക്ഷദ്വീപിൽ സന്ദർശനം നടത്തിയ ശേഷമാകും പ്രധാനമന്ത്രി കേരളത്തിലെത്തുകയെന്നാണ് ഇപ്പോഴത്തെ വിവരം.  മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരുമായി യോഗത്തില്‍ അദ്ദേഹം ആശയവിനിമയം നടത്തും എന്നാണ് സൂചന. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് തീരപ്രദേശം സന്ദര്‍ശിക്കേണ്ടെന്ന് മോദി തീരുമാനിച്ചത്.  പ്രധാനമന്ത്രി ദുരിതബാധിതരെ സന്ദർശിക്കണമെന്ന് ലത്തീൻ സഭാ നേതൃത്വം ഉൾപ്പെടെയുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.  പ്രതിരോധമന്ത്രി നിർമല സീതാരാമനാണ് കേന്ദ്ര സർക്കാരിന്‍റെ പ്രതിനിധിയായി മുൻപ് സംസ്ഥാനം സന്ദർശിച്ചത്.  ദുരന്തമുണ്ടായതിനു പിന്നാലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഇവിടെയെത്തിയ മന്ത്രി, കാണാതായ അവസാന മൽസ്യത്തൊഴിലാളിയേയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്. 

ഇപ്പോള്‍ അറിയുന്ന വാര്‍ത്ത അനുസരിച്ച് 18ന് അര്‍ദ്ധരാത്രിയോടെ കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി 19ന് രാവിലെ 7.30ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കു പോകും. പത്തിന് കവരത്തി സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 1.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.  തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരിയിലെ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം വൈകിട്ട് 4.45ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തും. തുടര്‍ന്ന് രാജ്ഭവനിലേക്ക് പോകും. വൈകിട്ട് ആറരയോടെ മോദി ഡല്‍ഹിക്ക് മടങ്ങും എന്നതാണ്.

Read More