Home> Kerala
Advertisement

കെ.എസ്.യു മാര്‍ച്ചിലെ സംഘര്‍ഷം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

ഷാഫി പറമ്പില്‍ എംഎല്‍എയേയും കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം.അഭിജിത്തിനേയും പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബഹളം വയ്ക്കുന്നത്.

കെ.എസ്.യു മാര്‍ച്ചിലെ സംഘര്‍ഷം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ഇന്നലെ കെ.എസ്.യു മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിപക്ഷം നിയമസഭയില്‍ ബഹളം വയ്ക്കുന്നു.

ഷാഫി പറമ്പില്‍ എംഎല്‍എയേയും കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം.അഭിജിത്തിനേയും പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബഹളം വയ്ക്കുന്നത്.   

പ്രതിപക്ഷാംഗങ്ങള്‍ ബാനറുകളും പ്ലക്കാഡുകളുമായാണ് സഭയിലെത്തിയത്. കെ.എം. അഭിജിത്തിന്‍റെ ചോര പുരണ്ട വസ്ത്രവും, ഷാഫി പറമ്പിലിനും അഭിജിത്തിനും മര്‍ദനമേല്‍ക്കുന്നതിന്‍റെ ചിത്രങ്ങളും പ്രതിപക്ഷാംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബഹളം നടത്തിയത്.

ചേദ്യോത്തരവേള നിര്‍ത്തിവെച്ച്‌ വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെയ്ക്കാന്‍ ആവില്ലെന്നും ഇതേ വിഷയത്തില്‍ ലഭിച്ച അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്‍കി.

സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

കേരള യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പും വാളയാര്‍ വിഷയവും ഉന്നയിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.  

കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ തലയ്ക്ക് ലാത്തിയടിയേറ്റിരുന്നു.ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.

Read More