Home> Kerala
Advertisement

ദേശീയപാതയോരത്തെ മദ്യശാലകൾ തുറക്കുന്ന വിഷയം: സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ദേശീയപാതയോരത്തെ മദ്യശാലകൾ തുറക്കുന്ന വിഷയത്തില്‍ സംസ്ഥാന സർക്കാർ എടുത്ത നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

ദേശീയപാതയോരത്തെ മദ്യശാലകൾ തുറക്കുന്ന വിഷയം: സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ദേശീയപാതയോരത്തെ മദ്യശാലകൾ തുറക്കുന്ന വിഷയത്തില്‍ സംസ്ഥാന സർക്കാർ എടുത്ത നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മദ്യശാലകൾ തുറക്കുന്നതിനെതിരായി നൽകിയ ഹർജിയിൽ വിധി പറയും വരെ ബാറുകൾ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുതെന്ന് സർക്കാറിനോട് ഹൈകോടതി വ്യക്തമാക്കി. 

ഹൈക്കോടതി ഉത്തരവ് പ്രകാരം ബാറുകൾ തുറക്കാൻ പോകുന്നെന്നു ചൂണ്ടിക്കാട്ടി കൊയിലാണ്ടി മുൻസിപ്പൽ കൗണ്‍സിലർ ഇബ്രാഹിംകുട്ടി നൽകിയ ഹർജിയിലാണ് സർക്കാരിനെതിരേ കോടതിയുടെ രൂക്ഷ വിമർശനം. 

വിധി സർക്കാർ ദുർവ്യാഖ്യാനം ചെയ്തു. ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് തീരുമാനിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. കോടതിയുടെ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചു. ബാറുകാർക്ക് വേണ്ടി കോടതിയുടെ ചുമലിൽ കയറി സർക്കാർ വെടിവെച്ചതായി കോടതി പറഞ്ഞു.

സുപ്രീംകോടതി വിധി നാട്ടിലെ നിയമമാണ്. ഹൈക്കോടതി സുപ്രീംകോടതിക്കു മുകളിലല്ല. അതുകൊണ്ട് തന്നെ ദേശീയ പാതയുടെ അരക്കിലോമീറ്റർ പരിധിയിൽ മദ്യശാല പ്രവർത്തിക്കാൻ കഴിയില്ല എന്ന സുപ്രീംകോടതി വിധി നിലനിൽക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ദേശീയ പാതയാണെന്ന് മന്ത്രിക്കും സര്‍ക്കാരിനും ബോധ്യമുണ്ടായിരുന്നു. പിന്നെ എന്തിനാണ് മദ്യശാലകള്‍ തുറന്നതെന്നും കോടതി ചേദിച്ചു.

ജനരോഷം മറികടക്കാൻ കോടതിയെ മറികടക്കരുതായിരുന്നു. അവ്യക്തതയുണ്ടെങ്കിൽ കോടതിയെ തന്നെ സമീപിക്കണമായിരുന്നുവെന്നും ഹൈകോടതി പറഞ്ഞു. കണ്ണൂർ വെങ്ങളം-കുറ്റിപ്പുറം ഭാഗവും ചേർത്തല-തിരുവനന്തപുരം ഭാഗം വരെയുള്ള മദ്യശാലകൾ തുറക്കാനുള്ള നീക്കവുമായി സർക്കാൻ മുന്നോട്ടുപോകുന്നതിനിടെയാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. 

Read More