Home> Kerala
Advertisement

വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവം: ഒരു എസ്‌എഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന പ്രതികളില്‍ ഒരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവം: ഒരു എസ്‌എഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു എസ്‌എഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. 

നേമം സ്വദേശിയായ ഇജാബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന പ്രതികളില്‍ ഒരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മുഖ്യപ്രതികളെക്കുറിച്ച് ഇനിയും ഒരു സൂചനയും ലഭിച്ചിട്ടില്ലയെന്നാണ് റിപ്പോര്‍ട്ട്.

കുത്തേറ്റ അഖിലിന്‍റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ ശക്തമായ പ്രതിഷേധം അരങ്ങേറുകയാണ്. ഒളിവിലുളള പ്രതികള്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. 

പ്രതികള്‍ എവിടെയെന്ന് പൊലീസിന് അറിയാമെന്നും അവരെ പൊലീസ് സംരക്ഷിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. കുത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കോളേജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

സംഭവം നടന്ന ദിവസം മുതല്‍ പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി നസീം, അമര്‍, അദ്വൈത്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ ഒളിവിലാണ്. 

പ്രതികളെ പിടികൂടാന്‍ ശ്രമം തുടരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ഇവര്‍ കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതായും വിവരമുണ്ട്. കേസിലെ 7 പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുളളത്. 

അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം അഖില്‍ ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും വെള്ളിയാഴ്ച ഒത്തുതീര്‍പ്പ്‌ ചര്‍ച്ചക്ക് വിളിച്ചിരുന്നു. 

ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും വിദ്യാര്‍ത്ഥികളിലൊരാളെ എസ്എഫ്ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും, മര്‍ദ്ദനത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

Read More