Home> Kerala
Advertisement

കന്യാസ്ത്രീ മാനഭംഗം: ബിഷപ്പിനെതിരെ കേസ്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബിഷപ്പിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു.

കന്യാസ്ത്രീ മാനഭംഗം: ബിഷപ്പിനെതിരെ കേസ്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബിഷപ്പിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. 

ജലന്ധറില്‍ സേവനം അനുഷ്ഠിക്കുന്ന മലയാളിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് കേസെടുത്തത്. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിഷപ്പിനെതിരെ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്.

2014 മേയ് മാസം എറണാകുളത്ത് ചടങ്ങില്‍ പങ്കെടുക്കാനത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചതെന്നും തുടര്‍ന്ന് പല തവണ തന്നെ ബലാത്സംഗം ചെയ്തെന്നുമാണ് കന്യാസ്ത്രീ പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. രണ്ടുവര്‍ഷത്തിനിടെ 13 തവണയിതാവര്‍ത്തിച്ചതായും കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നു.   

ബിഷപ്പിന് കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. പീഡനം തുടര്‍ന്നതോടെ കന്യാസ്ത്രീ മേജര്‍ ആര്‍ച്ച് ബിഷപ്പിന് പരാതി നല്‍കുകയും തുടര്‍ന്ന് സഭാതലത്തില്‍ അന്വേഷണം നടക്കുകയും ചെയ്തു. എന്നാല്‍, ഇതിനിടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ബിഷപ്പ് കുറവിലങ്ങാട്ടെത്തിയപ്പോള്‍ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി രണ്ടു വൈദികര്‍ കന്യാസ്ത്രീക്കെതിരെ കുറുവിലങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതോടെയാണ് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെതിരെ ബലാത്സംഗത്തിന് കേസെടുത്തതായും രണ്ടു പരാതികളുള്ളതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. വൈദ്യപരിശോധനയില്‍ ലൈംഗികപീഡനം വെളിഞ്ഞിട്ടുണ്ട്.

Read More